വി.ഐ.പി സംസ്കാരം, കെടുകാര്യസ്ഥത, പാതി വെന്ത ക്രമീകരണങ്ങൾ; കുംഭമേള ദുരന്തത്തിൽ യോഗി സർക്കാറിനെതിരെ പ്രതിപക്ഷം
text_fieldsലഖ്നോ: പ്രയാഗ് രാജിലെ മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവത്തിൽ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാറിനെതിരെ പ്രതിപക്ഷ നേതാക്കൾ. സാധാരണക്കാരായ ഭക്തരെ മാറ്റിനിർത്തി വി.ഐ.പികളെ മാത്രം പരിഗണിച്ചതിനെ തുടർന്നുണ്ടായ ഭരണകൂട കെടുകാര്യസ്ഥതയാണ് ദുരന്തത്തിന്റെ മുഖ്യകാരണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു.
പകുതി മാത്രം വെന്ത ക്രമീകരണങ്ങളാണ് കുംഭമേളയോടനുബന്ധിച്ച് യു.പി സർക്കാർ പ്രയാഗ് രാജിൽ ഒരുക്കിയതെന്നും അവർ സെൽഫ് പ്രമോഷൻ തിരക്കുകളിലായിരുന്നുവെന്നും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
കുംഭമേള ദുരന്തമുണ്ടായപ്പോൾ ആ സംസ്ഥാനത്തെ മുഖ്യമന്ത്രി സമൂഹ മാധ്യമത്തിൽ പോസ്റ്റിടുന്ന തിരക്കിലായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയും വിമർശിച്ചു. അപൂർണമായ തയാറെടുപ്പുകളാണ് ദുരന്തത്തിന്റെ പ്രധാന കാരണമെന്നും പവൻ ഖേര ചൂണ്ടിക്കാട്ടി.
കുംഭമേള പോലുള്ള ആളുകൾ തിങ്ങിക്കൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വലിയ തോതിലുള്ള പൊലീസ് സുരക്ഷ സഹായം ഏർപ്പെടുത്തണം. എന്നാൽ അങ്ങനെയൊന്ന് കുംഭമേള നടക്കുന്ന സ്ഥലത്തുണ്ടായില്ല. യോഗിയല്ല ഉത്തരവാദിത്തമുള്ള മറ്റാരെങ്കിലുമായിരുന്നു യു.പി ഭരിക്കുന്നതെങ്കിൽ വി.ഐ.പികളെ നിയന്ത്രിച്ച് സാധാരണക്കാർക്ക് പ്രധാന്യം നൽകുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാറിന്റെ കെടുകാര്യസ്ഥതയാണ് ദുരന്തത്തിന് കാരണമെന്ന് സമാജ് വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവും ആരോപിച്ചു. കുംഭമേളക്കായി കോടികൾ ചെലവഴിക്കുമ്പോൾ, അനിവാര്യമായ തയാറെടുപ്പുകളും ആവശ്യമായിരുന്നുവെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. യു.പി സർക്കാറിന് പകരം കുംഭമേളയുടെ നടത്തിപ്പ് സൈന്യത്തെ ഏൽപിക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. കുംഭമേളക്കെത്തിയ ആളുകൾ തുറസ്സായ സ്ഥലത്ത് കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങൾ നേരത്തേ അഖിലേഷ് യാദവ് എക്സിൽ പങ്കുവെച്ചിരുന്നു.
ബി.ജെ.പിയുടെ മാർക്കറ്റിങ് ഗിമ്മിക്കല്ലാതെ മറ്റൊരു തയാറെടുപ്പുകളും കുംഭമേളക്കായി നടത്തിയിട്ടില്ലെന്ന് ശിവസേന(യു.ബി.ടി)നേതാവ് സഞ്ജയ് റാവുത്തും വിമർശിച്ചു. കോടികൾ കുംഭമേളക്ക് എത്തണമെന്ന് യു.പി സർക്കാർ ആഗ്രഹിച്ചു. കച്ചവടതാൽപര്യത്തിന്റെ ഭാഗമായി അവർ കൂടുതൽ ആളുകളെ ക്ഷണിച്ചു. വിശ്വാസത്തിന്റെ ഭാഗമാണ് കുംഭമേള. നിങ്ങൾ കോടിക്കണക്കിന് ആളുകളെ ക്ഷണിക്കുമ്പോൾ, അതിനു വേണ്ടിയുള്ള തയാറെടുപ്പുകളും ഒരുക്കണം. എന്നാൽ അങ്ങനെ ഒന്നുണ്ടായില്ല. സ്ത്രീകളടക്കമുള്ള തീർത്ഥാടകർ ഉറങ്ങിയത് റോഡുകളിലാണ്. മുമ്പ് അഖിലേഷ് യാദവ് സർക്കാർ ഭരിച്ചപ്പോൾ മികച്ച രീതിയിൽ കുംഭമേള നടത്തിയതും സഞ്ജയ് റാവുത്ത് ചൂണ്ടിക്കാട്ടി. വി.ഐ.പികളും കേന്ദ്രമന്ത്രിമാരും കുംഭമേളക്കെത്തുമ്പോൾ അത് വലിയ സമ്മർദമാണുണ്ടാക്കുന്നത്. ജനങ്ങളുടെ എണ്ണവും കൂടിക്കൂടി വന്നു. ഈ ദുരന്തത്തിന്റെ പരിപൂർണ ഉത്തരവാദിത്തം യു.പി സർക്കാറിനാണെന്നും റാവുത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

