രണ്ട് തവണ പ്രധാനമന്ത്രി ആയില്ലേ, അതു പോരേ എന്ന് താൻ ആദരിക്കുന്ന മുതിർന്ന പ്രതിപക്ഷനേതാവ് തന്നോട് ചോദിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തൽ. എന്നാൽ, പിൻമാറാൻ താൻ ഒരുക്കമല്ല എന്ന നിലയിലാണ് മോദി സദസിൽ വിവരം അവതരിപ്പിച്ചത്. വിധവകൾക്കും പ്രായമായവർക്കും നിരാലംബരായ പൗരന്മാർക്കുമുള്ള ഗുജറാത്ത് സർക്കാരിന്റെ ധനസഹായ പദ്ധതികളുടെ ഗുണഭോക്താക്കളെ വീഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. അതിനിടെയാണ് വെളിപ്പെടുത്തൽ.
"ഒരു ദിവസം വളരെ വലിയ നേതാവ് എന്നെ കണ്ടു. അദ്ദേഹം രാഷ്ട്രീയമായി ഞങ്ങളെ പതിവായി എതിർക്കുന്നയാളാണ്. പക്ഷേ ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ചില വിഷയങ്ങളിൽ അദ്ദേഹം സന്തുഷ്ടനല്ല. അദ്ദേഹം എന്നെ കാണാൻ വന്നിരുന്നു. അദ്ദേഹം പറഞ്ഞു, മോദിജി, രാജ്യം നിങ്ങളെ രണ്ടുതവണ പ്രധാനമന്ത്രിയാക്കി. അപ്പോൾ നിങ്ങൾക്ക് ഇനി എന്താണ് വേണ്ടത്. ഒരാൾ രണ്ടുതവണ പ്രധാനമന്ത്രിയായാൽ അയാൾ എല്ലാം നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം" -പ്രധാനമന്ത്രി പറഞ്ഞു.
''മോദിയെ നിർമിച്ചത് വ്യത്യസ്തമായ ഒന്നിനാലാണെന്ന് അദ്ദേഹത്തിനറിയില്ല. ഗുജറാത്ത് എന്ന ഭൂമിയാണ് മോദിയെ സൃഷ്ടിച്ചിരിക്കുന്നത്. ഇനി വിശ്രമിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ക്ഷേമ പദ്ധതികളുടെ 100 ശതമാനം പൂർത്തീകരണം ആണ് ഞാൻ ഉദ്ദേശിക്കുന്നത്'' -മോദി പറഞ്ഞു.