ഭൂരിപക്ഷ സമുദായത്തിന്റെ എതിർപ്പ് തള്ളിക്കളയാനാകില്ല; കോയമ്പത്തൂരിലെ ക്ഷേത്രത്തിന് സമീപം ചർച്ച് നിർമ്മിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: കോയമ്പത്തൂരിൽ നൂറ്റാണ്ടിലധികം പഴക്കമുള്ള മാരിയമ്മൻ കോവിലിന് തൊട്ടടുത്തായി ചർച്ച് നിർമ്മിക്കുന്നതിന് മദ്രാസ് ഹൈകോടതിയുടെ താൽക്കാലിക വിലക്ക്. ഒരു പ്രദേശത്തെ ഭൂരിപക്ഷ സമുദായത്തിന്റെ ശക്തമായ എതിർപ്പുകളെ പ്രാദേശിക ഭരണകൂടങ്ങൾക്ക് അത്ര നിസ്സാരമായി തള്ളിക്കളയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കോയമ്പത്തൂർ കലാപട്ടി സ്വദേശിയായ എൻ. ബാലസുബ്രഹ്മണ്യം സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥൻ, വി. ലക്ഷ്മീനാരായണൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ചർച്ച് നിർമ്മാണത്തിന് ജില്ലാ കളക്ടറും റവന്യൂ ഡിവിഷണൽ ഓഫീസറും പോലീസ് സംരക്ഷണം അനുവദിച്ചതിനെ ചോദ്യം ചെയ്താണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.
ഭൂരിപക്ഷ സമൂഹം ഒരു ക്ഷേത്രത്തിന്റെ തൊട്ടടുത്തായി പള്ളി നിർമ്മിക്കുന്നതിനെ ശക്തമായി എതിർക്കുമ്പോൾ അധികാരികൾ അത് കാണാതെ പോകരുതെന്ന് കോടതി നിരീക്ഷിച്ചു. മുൻപ് ബോംബ് സ്ഫോടനങ്ങൾക്കും വർഗീയ സംഘർഷങ്ങൾക്കും സാക്ഷ്യം വഹിച്ച കോയമ്പത്തൂർ അതീവ വൈകാരിക പ്രാധാന്യമുള്ള നഗരമാണ്. ക്രിസ്ത്യൻ കുടുംബങ്ങൾ വളരെ കുറവുള്ള ഈ പ്രദേശത്ത്, മാരിയമ്മൻ കോവിലിന് തൊട്ടടുത്ത് തന്നെ പള്ളി നിർമ്മിക്കാൻ നീക്കം നടത്തുന്നതിന് പിന്നിൽ ദുരുദ്ദേശ്യങ്ങളുണ്ടെന്ന വാദം തള്ളിക്കളയാനാകില്ലെന്നും കോടതി പറഞ്ഞു. പ്രദേശത്ത് 1000 കുടുംബങ്ങളുള്ളതിൽ 950-ഓളം ഹിന്ദു കുടുംബങ്ങളും, 15 മുസ്ലിം കുടുംബങ്ങളും വളരെ കുറച്ച് ക്രിസ്ത്യൻ കുടുംബങ്ങളുമാണുള്ളതെന്ന റവന്യൂ രേഖകളും കോടതി ചൂണ്ടിക്കാട്ടി. നിർദ്ദിഷ്ട ഭൂമി സ്വകാര്യ വ്യക്തിയുടേതല്ലെന്നും പൊതുവഴിയാണെന്ന് റവന്യൂ രേഖകളിൽ വ്യക്തമാണെന്നും കോടതി കൂട്ടിച്ചേർത്തു.
തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റ ശേഷമുള്ള രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരന്റെ അഭിഭാഷകൻ അടിയന്തര വാദം ആവശ്യപ്പെട്ടത്. നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ബൈബിൾ വചനങ്ങൾ ഉപയോഗിച്ചതും, മുൻപ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ 'സനാതന ധർമ്മം നിർമ്മാർജ്ജനം ചെയ്യണം' എന്ന് ആഹ്വാനം ചെയ്തതും തീവ്രവാദ സംഘടനകൾക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയാലും നിയമം അതിന്റെ വഴിക്കേ പോകൂ എന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഭൂരിപക്ഷത്തിന്റെ താല്പര്യങ്ങൾക്ക് കോടതി എപ്പോഴും വഴങ്ങിക്കൊടുക്കുമെന്ന രീതിയിൽ ഇതിനെ കാണരുതെന്നും, എതിർപ്പുകൾ അന്യായമാണെന്ന് ബോധ്യപ്പെട്ടാൽ ആരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ രാജ്യം മുന്നിലുണ്ടാകുമെന്നും ജഡ്ജിമാർ ഓർമ്മിപ്പിച്ചു.
ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ഉത്തരവുകൾ മുൻപും വിവാദമായിട്ടുണ്ട്. കാർത്തിക ദീപം ഉത്സവവുമായി ബന്ധപ്പെട്ട 'ദീപത്തൂൺ' കേസിൽ ഹിന്ദു ഭക്തർക്ക് ദീപം തെളിക്കാൻ അനുമതി നൽകിയതിനെ തുടർന്ന് നൂറിലധികം എം.പിമാർ ഇദ്ദേഹത്തിനെതിരെ ഇംപീച്ച്‌മെന്റ് കൊണ്ടുവരാൻ നീക്കം നടത്തിയിരുന്നു. പുതിയ കോടതി വിധിക്കെതിരെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. "കോടതികൾ ഭൂരിപക്ഷ വികാരത്തിന് മുൻഗണന നൽകുമ്പോൾ നീതി മരിക്കും" എന്ന് പ്രമുഖ അധ്യാപകൻ അപൂർവാനന്ദ് പ്രതികരിച്ചപ്പോൾ, ലിങ്ക് നോക്കാതെ തന്നെ ഏത് ജഡ്ജിയാണ് ഈ വിധി പറഞ്ഞതെന്ന് ഊഹിക്കാമെന്നായിരുന്നു മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെയുടെ പരിഹാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

