Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുഖ്യ തെരഞ്ഞെടുപ്പ്...

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ ആറിന കുറ്റാരോപണവുമായി പ്രതിപക്ഷം

text_fields
bookmark_border
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ ആറിന കുറ്റാരോപണവുമായി പ്രതിപക്ഷം
cancel
camera_alt

ഗ്യാനേഷ് കുമാർ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷ എം.പിമാർ നൽകിയ നോട്ടീസിൽ ആറിന കുറ്റാരോപണങ്ങൾ. അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ച പ്രക്രിയ സുതാര്യമല്ല, 2025 ആഗസ്റ്റ് 17ന് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് അദ്ദേഹം നടത്തിയ വാർത്തസമ്മേളനം പക്ഷപാതപരമാണ്, പ്രതിപക്ഷ-ഭരണകക്ഷി അംഗങ്ങളോടുള്ള സമീപനത്തിൽ വിവേചനമുണ്ട്, തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണങ്ങൾക്ക് തടസ്സം സൃഷ്ടിച്ചു, സുതാര്യത പരിശോധിക്കാൻ ഉപകരണങ്ങൾ നൽകാൻ വിസമ്മതിച്ചു, ഭരണകക്ഷിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കനുസൃതമായി വോട്ടർ പട്ടിക സമഗ്ര പരിഷ്കരണം (എസ്.ഐ.ആർ) നടപ്പാക്കി എന്നിവയാണ് പ്രധാന ആരോപണങ്ങൾ.

ലോക്സഭയിലെ 130 എം.പിമാരും രാജ്യസഭയിലെ 63 എം.പിമാരും ചേർന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഗ്യാനേഷ് കുമാറിനെതിരായ നോട്ടീസിൽ കേന്ദ്ര സർക്കാർ സമയോചിത നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് തൃണമൂൽ കോൺഗ്രസ് രാജ്യസഭ നേതാവ് ഡെറിക് ഒബ്രിയാൻ പറഞ്ഞു. അതുണ്ടായില്ലെങ്കിൽ ഭരണപക്ഷവും തെരഞ്ഞെടുപ്പ് കമീഷനും തമ്മിൽ അവിശുദ്ധ അന്തർധാരയുണ്ടെന്ന ആരോപണം ബലപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തുല്യാവസരം നൽകിയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ജനാധിപത്യത്തിന്റെ ആത്മാവും ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗവും ആണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി. വോട്ടർപട്ടിക പുതുക്കലിലൂടെ (എസ്.ഐ.ആർ) വോട്ടർമാരുടെ പൗരത്വ നില അറിയുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ച നിലപാട് രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിലപാടുമായി ചേർന്നുപോകുന്നു. നിഷ്പക്ഷ തെരഞ്ഞെടുപ്പ് സംവിധാനം എന്നതിൽനിന്ന് മാറി ഭരണകൂടത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്ന ഉപകരണമാക്കി തെരഞ്ഞെടുപ്പ് കമീഷനെ മാറ്റി.

എസ്.ഐ.ആറിലൂടെ വൻതോതിൽ വോട്ടർമാരെ അയോഗ്യരാക്കി. ബിഹാറിൽ 65 ലക്ഷം വോട്ടർമാരെയാണ് ഒഴിവാക്കിയത്. ഇത് പ്രതിപക്ഷത്തെ തുടച്ചുനീക്കിയുള്ള എൻ.ഡി.എയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. രണ്ടുമൂന്ന് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വലിയ സംസ്ഥാനങ്ങളിൽ തിടുക്കപ്പെട്ട് എസ്.ഐ.ആർ നടപ്പാക്കിയത് സംശയാസ്പദമാണ്. സമയപരിധി പുനഃപരിശോധിക്കണമെന്ന ആവശ്യത്തോട് ശാഠ്യത്തോടെ വിമുഖത കാട്ടി. ബിഹാർ മാതൃക മറ്റു സംസ്ഥാനങ്ങളിലും ആവർത്തിച്ചു. പശ്ചിമ ബംഗാളിൽ തയാറാക്കിയ വോട്ടർ പട്ടിക പ്രകാരം 7.66 കോടി വോട്ടർമാരിൽ 58 ലക്ഷം പേരുടെ പേര് ഒഴിവാക്കി. 60 ലക്ഷത്തിധികം പേർ ‘തീർപ്പാക്കാനുള്ളവർ’ വിഭാഗത്തിലാണുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ അവരുടെ വോട്ടവകാശം അനിശ്ചിതത്വത്തിലാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി അല്ലെങ്കിൽ ഹൈകോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിന് സമാനമായ പ്രക്രിയയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ നീക്കം ചെയ്യുന്നതിനും. ക്രമക്കേട് അല്ലെങ്കിൽ ശേഷിയില്ലായ്മ തെളിയിക്കപ്പെട്ടാൽ മാത്രമേ ഇംപീച്ച്മെന്റ് നടപ്പാക്കാൻ കഴിയൂ. പാർലമെന്റിന്റെ രണ്ട് സഭകളിലും നോട്ടീസ് അംഗീകരിക്കപ്പെട്ടാൽ ലോക്സഭ സ്പീക്കറും രാജ്യസഭ ചെയർമാനും ചേർന്ന് ഒരു സമിതി രൂപവത്കരിക്കും.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ ജഡ്ജി, ഹൈകോടതികളിൽ ഒന്നിന്റെ ചീഫ് ജസ്റ്റിസ്, ഒരു നിയമവിദഗ്ധൻ എന്നിവർ അടങ്ങിയതാകും സമിതി. സാക്ഷികളും പ്രതിയും ക്രോസ് പരിശോധന നടത്തുന്ന കോടതി നടപടികൾ പോലെയാകും സമിതിയുടെ നടപടികൾ. സമിതി മുമ്പാകെ സംസാരിക്കാനുള്ള അവസരം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കുണ്ടാകും. സമിതിയുടെ റിപ്പോർട്ട് സഭയിൽ വെച്ചാൽ ഇംപീച്ച്മെന്റിനുള്ള ചർച്ചകൾ ആരംഭിക്കുകയും ചെയ്യും. രണ്ട് സഭകളും പ്രമേയം പാസാക്കണം. പ്രമേയത്തിൽ ചർച്ച നടക്കുമ്പോൾ സ്വയം പ്രതിരോധിക്കാനുള്ള അവസരവും തെരഞ്ഞെടുപ്പ് കമീഷണർക്കുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:impeachmentChief Election CommissioneroppositionGyanesh Kumar
News Summary - Opposition files six charges against Chief Election Commissioner
Next Story