മണ്ഡല പുനർനിർണയ ബില്ലിനെച്ചൊല്ലി പ്രതിപക്ഷ നിരയിൽ ഭിന്നത; തൃണമൂൽ കോൺഗ്രസിന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: ലോക്സഭാ സീറ്റുകളുടെ പുനർനിർണയവും (Delimitation) വനിതാ സംവരണവും സംബന്ധിച്ച ബില്ലുകൾ പാർലമെന്റിൽ വരുമ്പോൾ തൃണമൂൽ കോൺഗ്രസ് എം.പിമാർ വിട്ടുനിന്നാൽ അത് ബി.ജെ.പിയെ സഹായിക്കുന്നതിന് തുല്യമാകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്ക് കാരണം പാർട്ടി എം.പിമാർ സഭയിൽ ഹാജരാകാൻ സാധ്യതയില്ലെന്ന തൃണമൂൽ പ്രതിനിധി സാഗരിക ഘോഷിന്റെ പ്രസ്താവനയാണ് പ്രതിപക്ഷ യോഗത്തിൽ വിമർശനത്തിന് വഴിവെച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിപക്ഷ യോഗത്തിലാണ് നാടകീയ നീക്കങ്ങൾ ഉണ്ടായത്.
തൃണമൂൽ എം.പിമാരുടെ അഭാവം തെറ്റായ സന്ദേശം നൽകുമെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. എല്ലാ പ്രതിപക്ഷ എം.പിമാരും സഭയിൽ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും, മമത ബാനർജിയെ ഫോണിൽ വിളിച്ച് എം.പിമാരുടെ സാന്നിധ്യം ഉറപ്പാക്കാൻ ഉദ്ധവ് താക്കറെയോട് രാഹുൽ ആവശ്യപ്പെടുകയും ചെയ്തു. തമിഴ്‌നാട്ടിൽ കടുത്ത തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോഴും തങ്ങളുടെ എം.പിമാർ ഡൽഹിയിൽ എത്തുന്നുണ്ടെന്ന് ടി.ആർ. ബാലു ചൂണ്ടിക്കാട്ടി.
ജനാധിപത്യം തകർക്കപ്പെടുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനേക്കാൾ പ്രാധാന്യം പാർലമെന്റിലെ പോരാട്ടത്തിനാണെന്ന് ആം ആദ്മി നേതാവും രാജ്യസഭാ അംഗവുമായ സഞ്ജയ് സിങ് പറഞ്ഞു. ജമ്മു കശ്മീരിലെ മണ്ഡല പുനർനിർണയം ബി.ജെ.പിക്ക് അനുകൂലമായ രീതിയിലാണ് നടപ്പിലാക്കിയതെന്നും, സീറ്റുകളുടെ എണ്ണം കൂടുന്നതിൽ സന്തോഷിക്കേണ്ടതില്ലെന്നും ഒമർ അബ്ദുള്ള മുന്നറിയിപ്പ് നൽകി.
ലോക്സഭാ സീറ്റുകൾ 550ൽ നിന്ന് 850 ആയി വർധിപ്പിക്കാനാണ് ബില്ലിലൂടെ കേന്ദ്ര സർക്കാറും ബി.ജെ.പി നേതൃത്വവും ലക്ഷ്യമിടുന്നത്. ബില്ലിനെതിരെ കടുത്ത വിമർശനങ്ങളാണ് വിവിധ കോണിൽ നിന്നും ഉയരുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ആധിപത്യത്തിൽ സീറ്റുകൾ വർധിപ്പിച്ച് ദീർഘകാലത്തേക്ക് ഭരണം ഉറപ്പിക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി.
കുടുംബസൂത്രണം ഫലപ്രദമായി നടപ്പിലാക്കിയ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ കുറയുമെന്നും ഇത് ശിക്ഷാനടപടിയാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു. ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളെ വിഭജിക്കാനോ ഹൈദരാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളെ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റാനോ ഉള്ള നീക്കമായി ഇതിനെ കാണണമെന്ന് സി.പി.ഐ(എം.എൽ) നേതാവ് ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു. ലളിതമായ ഭൂരിപക്ഷത്തിലൂടെ ഏത് സെൻസസ് ഉപയോഗിക്കണമെന്ന് തീരുമാനിക്കാൻ പാർലമെന്റിന് അധികാരം നൽകുന്നത് അപകടമാണെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി.
വനിതാ സംവരണം നടപ്പിലാക്കുന്നതിനെ തങ്ങൾ എതിർക്കുന്നില്ലെന്നും, എന്നാൽ അത് സീറ്റ് പുനർനിർണയവുമായി ബന്ധിപ്പിക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രമാണെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ബി.ജെ.പി തങ്ങളെ 'സ്ത്രീ വിരുദ്ധർ' എന്ന് മുദ്രകുത്താൻ സാധ്യതയുണ്ടെന്നും അത് കരുതിയിരിക്കണമെന്നും യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

