'ഇന്ത്യൻ ലേബർ കോൺഫറൻസ്' പുന:രാരംഭിക്കണമെന്ന് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സ്വാതന്ത്ര്യലബ്ധി തൊട്ട് പതിവായി നടന്നുവന്നിരുന്ന 'ഇന്ത്യൻ ലേബർ കോൺഫറൻസ്' (ഐ.എൽ.സി) പുനരാരംഭിക്കണമെന്ന് രാജ്യസഭയിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. തൊഴിലാളികളുടെ പണിമുടക്കിന്‍റെ പശ്ചാത്തലത്തിൽ തൊഴിൽ മന്ത്രാലയത്തെ കുറിച്ച് രാജ്യസഭ നടത്തിയ ചർച്ചയിലും ഈ ആവശ്യം നിറഞ്ഞുനിന്നു.
ശൂന്യവേളയിൽ തന്നെ വിഷയം ഉയർത്തി ഡി.എം.കെ നേതാവ് എം. ഷൺമുഖമാണ് ഇന്ത്യൻ ലേബർ കോൺഫറൻസ് പുന:രാരംഭിക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത്. കേരള എം.പിമാർ അടക്കം പ്രതിപക്ഷത്തെ വലിയൊരു വിഭാഗം എം.പിമാരും അതിനെ പിന്തുണച്ചു. 1940നും 1948നുമിടയിൽ ആറോ ഏഴോ ഇന്ത്യൻ തൊഴിലാളി സമ്മേളനങ്ങൾ നടന്നിരുന്നുവെന്നും അംബേദ്കർ അടക്കമുള്ളവർ പങ്കെടുത്ത ഇൗ സമ്മേളനങ്ങളാണ് രാജ്യത്തെ മുഴുവൻ തൊഴിൽ നിയമങ്ങളും ക്രോഡീകരിച്ച് ഒരു കേന്ദ്ര നിയമത്തിന് രൂപം നൽകിയതെന്നും ഷൺമുഖം പറഞ്ഞു.
അതിൽ പിന്നെ വർഷം തോറും ചുരുങ്ങിയത് രണ്ട് വർഷത്തിലൊരിക്കലെങ്കിലും ലേബർ കോൺഫറൻസ് നടന്നുവരികയായിരുന്നു. എന്നാൽ 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത 45ാമത് ഐ.എൽ.സിയോടെ ഇത് നിർത്തലാക്കുകയായിരുന്നു. എല്ലാ തൊഴിലാളി പ്രശ്നങ്ങളും ചർച്ച ചെയ്ത് വന്നിരുന്ന ഏറ്റവും മികച്ച ത്രികക്ഷി സമ്പ്രദായമായിരുന്നു ലേബർ കോൺഫറൻസ്. അത് നടന്നിരുന്നുവെങ്കിൽ 30 കോടി തൊഴിലാളികൾക്ക് രണ്ട് ദിവസം പണിമുടക്കേണ്ടി വരില്ലായിരുന്നുവെന്ന് ഷൺമുഖം പറഞ്ഞു.
തൊഴിലുടമയും തൊഴിലാളിയും സർക്കാറും ചേർന്നിരിക്കുന്ന ഇന്ത്യൻ തൊഴിലാളി സമ്മേളനങ്ങൾ രൂപം കൊടുത്തിരുന്ന കമ്മിറ്റികൾ ചർച്ച നടത്തിയാണ് കേന്ദ്ര സർക്കാർ പുതിയ തൊഴിലാളി നയങ്ങൾ രൂപപ്പെടുത്തിയിരുന്നതെന്ന് കോൺഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ്ങ് പറഞ്ഞു. മോദി സർക്കാർ വന്ന ശേഷം 2015ാടെ അത് നിർത്തലാക്കിയപ്പോൾ നിരന്തരം സമരം ചെയ്തിട്ട് പോലും തൊഴിലാളി സംഘടനകളെ സർക്കാറോ തൊഴിൽ മന്ത്രിയോ ചർച്ചക്ക് വിളിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൊഴിലാളികള്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് വിളിച്ചുചേര്‍ക്കണമെന്ന ആവശ്യത്തെ സി.പി.എം രാജ്യസഭാ നേതാവ് എളമരം കരീമും സി.പി.ഐ നേതാവ് ബിനോയ് വിശ്വവും പിന്തുണച്ചു. ഭരണഘടനാ ശില്‍പി ബാബാ സാഹേബ് അംബേദ്കര്‍ വിഭാവനം ചെയ്ത ആശയമാണ് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് എന്ന് കരീം പറഞ്ഞു. തൊഴിലാളികളുടെ പക്ഷത്ത് നിൽക്കുന്നതിന് പകരം മുതലാളിമാരുടെ പക്ഷത്താണ് കേന്ദ്ര സർക്കാർ നിൽക്കുന്നതെന്ന് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

