വനിതാ സംവരണ നിയമം: സർവകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: വനിതാ സംവരണ നിയമം നടപ്പാക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കണമെന്ന് സർക്കാറിനോട് പ്രതിപക്ഷ കക്ഷികൾ. നിലവിൽ പ്രഖ്യാപിച്ച നിയമസഭാ തെരഞ്ഞെടുപ്പുകൾ ഏപ്രിലിൽ അവസാനിച്ച ശേഷം യോഗം ചേരണമെന്നാണ് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ലെറ്റർ ഹെഡിൽ എഴുതിയ കത്തിൽ തൃണമൂൽ കോൺഗ്രസ് ഒഴികെയുള്ള മിക്ക പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് നേതാവ് ജയ്റാം രമേഷാണ് മന്ത്രിക്ക് കത്ത് കൈമാറിയത്.
2023ലെ നാരി വന്ദൻ അധിനിയമം നടപ്പിലാക്കാനുള്ള മാർഗങ്ങളും രൂപരേഖയും ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ എത്രയും വേഗം സർവകക്ഷി യോഗം വിളിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ലോക്സഭാ, നിയമസഭാ മണ്ഡല പുനർനിർണയ പ്രക്രിയ പൂർത്തിയാകുന്നതിനു മുമ്പ് വനിതാ സംവരണ നിയമം നടപ്പാക്കാനായി ഇപ്പോൾ നടക്കുന്ന ബജറ്റ് സമ്മേളനത്തിൽ രണ്ട് ബില്ലുകൾ അവതരിപ്പിക്കുമെന്ന് സർക്കാർ ഇൗയിടെ വ്യക്തമാക്കിയിരുന്നു. 2023ൽ പാസാക്കിയ നാരിശക്തി വന്ദൻ ബില്ലിൽ വീണ്ടും ഭേദഗതി വരുത്താനാണ് സർക്കാർ നീക്കമെന്ന് പ്രതിപക്ഷ കക്ഷി നേതാക്കൾ പറഞ്ഞു. അതിലെ നിർദേശങ്ങളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുള്ള കുറിപ്പ് വിതരണം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

