ലോക്സഭ തെരഞ്ഞെടുപ്പ് സമയക്രമത്തിനെതിരെ പ്രതിപക്ഷം
text_fieldsന്യൂഡൽഹി: ഒരു മാസത്തിലേറെ നീളുന്ന, ബിഹാറിലും ബംഗാളിലുമടക്കം ഏഴു ഘട്ടങ്ങളായുള്ള അതിദീർഘമായ പൊതുതെരഞ്ഞെടുപ്പ് സമയക്രമത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ കക്ഷികൾ. കോൺഗ്രസ്, തൃണമൂൽ കക്ഷികളാണ് കടുത്ത പ്രതികരണവുമായി രംഗത്തെത്തിയത്.
‘‘മൊത്തം തെരഞ്ഞെടുപ്പ് സമയക്രമം പ്രധാനമന്ത്രിയുടെ പ്രചാരണ സൗകര്യത്തിനുവേണ്ടിയാണ്. ആദ്യ ഘട്ടത്തിൽ 102 മണ്ഡലങ്ങൾ, രണ്ടിൽ 89, മൂന്നിൽ 94, നാലിൽ 96, അഞ്ചിൽ 49, ആറിലും ഏഴിലും 57 എന്നിങ്ങനെയാണിത്. മഹാരാഷ്ട്രയിൽ അഞ്ചു ഘട്ടങ്ങളിലായാണ്. ഇവിടെ എന്നാണ് അഞ്ചു ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നത്.
ഭൂമിശാസ്ത്രപരമായ എന്തു തടസ്സങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ നിരത്തിയാലും സൂക്ഷ്മമായി നിരീക്ഷിച്ചാൽ ബി.ജെ.പിക്ക് സ്വന്തം ആഖ്യാനങ്ങൾ പരമാവധി എത്തിക്കാൻ സൗകര്യപ്പെടുത്തലാണ് ലക്ഷ്യമെന്ന് വ്യക്തം’’ - കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെ കുറ്റപ്പെടുത്തി.
ഏഴു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുക വഴി വരുന്ന 70-80 ദിവസത്തേക്ക് എല്ലാതരം വികസനവും നിർത്തിവെക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ‘‘രാജ്യം എങ്ങനെ മുന്നോട്ടുപോകുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ. പെരുമാറ്റച്ചട്ടമുള്ളതിനാൽ ജനങ്ങൾ സഞ്ചരിക്കില്ല. ചരക്കുകൾ നീങ്ങില്ല. തെരഞ്ഞെടുപ്പ് മൂന്നോ നാലോ ഘട്ടങ്ങളിൽ തീർക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. പക്ഷേ, മോദി മോദിയാണ്’’ -അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തുക വഴി രാജ്യത്ത് സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
ദീർഘമായ ഷെഡ്യൂളിനെതിരെ തൃണമൂൽ കോൺഗ്രസും വിമർശനമുയർത്തി. 42 സീറ്റുകളിൽ ഏഴു ഘട്ടങ്ങളിലാക്കരുതെന്ന പശ്ചിമ ബംഗാൾ സർക്കാറിന്റെ അഭിപ്രായം കമീഷൻ പരിഗണിച്ചില്ലെന്നും ഇത് ഫെഡറൽ സംവിധാനത്തിന് എതിരാണെന്നും തൃണമൂൽ നേതാവ് സുഖേന്ദു ശേഖർ അഭിപ്രായപ്പെട്ടു.
അതേസമയം, ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുന്ന സർക്കാറിന് ജമ്മു-കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പുപോലും നടത്താൻ കഴിയുന്നില്ലെന്നും എന്തുകൊണ്ടാണിതെന്നും നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

