അദാനി കുടുംബത്തിന് സൗകര്യമൊരുക്കാൻ ഒഡിഷയിലെ ബി.ജെ.പി സർക്കാർ പുരി രഥയാത്ര വൈകിപ്പിച്ചുവെന്ന് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: ഒഡിഷയിലെ ബി.ജെ.പി സർക്കാർ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെയും അനുബന്ധ ക്ഷേത്രങ്ങളിലെയും രഥയാത്രയിൽ മനഃപൂർവ്വം കാലതാമസം വരുത്തിയെന്നും വ്യവസായി ഗൗതം അദാനിയുടെ കുടുംബത്തിന് രഥങ്ങൾ വലിക്കാൻ വേണ്ടിയായിരുന്നു ഇതെന്നുമുള്ള ഗുരുതര ആരോപണവുമായി പ്രതിപക്ഷം. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് നടന്ന രഥയാത്രയിൽ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബി.ജെ.പി സർക്കാർ പരിപാടി തെറ്റായി കൈകാര്യം ചെയ്തുവെന്നും നിരവധി ഭക്തർക്കുള്ള അവസരത്തിൽ കാലതാമസവും പരിക്കുകളും ഉണ്ടായെന്നും പ്രതിപക്ഷം ആരോപിച്ചു. ‘നന്ദിഘോഷ രഥം വലിക്കുന്നതിൽ ഉണ്ടായ അമിതമായ കാലതാമസത്തിലേക്കു വിരൽ ചൂണ്ടാനോ ഭരണകൂടത്തെ കുറ്റപ്പെടുത്താനോ ഞങ്ങൾ മുതിരുന്നില്ല. എന്നാൽ, നമ്മുടെ സംസ്ഥാനത്തെ ഏറ്റവും പവിത്രമായ ഈ പരിപാടിയിൽ കാര്യങ്ങൾ എങ്ങനെ വികസിച്ചു എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ആശങ്കയും വേദനയും പ്രകടിപ്പിക്കാതിരിക്കാൻ കഴിയില്ല. കഴിഞ്ഞ വർഷം, പഹണ്ടിയിൽ ഭഗവാൻ ബാലഭദ്രന്റെ വിഗ്രഹം എങ്ങനെ വഴുതിവീണു എന്നത് മറക്കാൻ പ്രയാസമാണെന്നും’ മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക് ‘എക്‌സി’ൽ പോസ്റ്റ് ചെയ്തു.
‘മുഴുവൻ ഭരണ സംവിധാനവും അവിടെയുണ്ടായിരുന്നു. പക്ഷെ, രഥങ്ങൾ നിർത്തിയിട്ടത് നിസ്സഹാതയോടെ നോക്കിനിൽക്കുകയായിരുന്നു. ഗൗതം അദാനിയും കുടുംബവും രഥയാത്രയിൽ പങ്കെടുക്കാൻ എത്തിയതിനെക്കുറിച്ച് അവിടെ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ‘ചില’ ഭക്തരെ പ്രതീക്ഷിച്ചാണ് രഥങ്ങൾ നിർത്തിയതെന്ന് ക്ഷേത്രത്തിലെ മുഖ്യ ഭരണാധികാരിയും പറഞ്ഞു. അതിനാൽ, അദാനി കുടുംബത്തിന്റെ പങ്കാളിത്തം സുഗമമാക്കുന്നതിനാണ് ഈ കാലതാമസം ആസൂത്രണം ചെയ്തതെന്ന് ന്യായമായും ഞങ്ങൾ കരുതുന്നു’ -കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പ്രസാദ് ഹരിചന്ദൻ പറഞ്ഞതായി ‘ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ പുരിയിലെ സി ജില്ലാ, സെഷൻസ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ഹരിചന്ദൻ ആവശ്യപ്പെട്ടു. ഭരണത്തിലെ പിഴവുകളുടെ പേരിൽ നിലവിലെ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെയും നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദന്റെയും രാജിയും ബി.ജെ.ഡി ആവശ്യപ്പെട്ടു. എന്നാൽ, പ്രതിപക്ഷം വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

