ഫാം ഹൗസിൽ കറുപ്പ് കൃഷി; വീട്ടുജോലിക്കാരനെ പഴിചാരി അറസ്റ്റിലായ ബി.ജെ.പി നേതാവ്
text_fieldsദുർഗ്: ഫാം ഹൗസിൽ കറുപ്പ് കൃഷി ചെയ്തതിനെ തുടർന്ന് അറസ്റ്റിലായ ഛത്തീസ്ഗഡ് ബി.ജെ.പി നേതാവ് വിനായക് താമ്രകർ കുറ്റം ചെയ്തത് വീട്ടുജോലിക്കാരനാണെന്ന് ആരോപിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും രാജസ്ഥാനിൽ നിന്നുള്ള വീട്ടുജോലിക്കാരനാണ് ഇതിന് പിന്നില്ലെന്നുമാണ് വിനായക് പൊലീസിനോട് പറഞ്ഞത്. ബി.ജെ.പിയുടെ കർഷക വിഭാഗത്തിലെ അരി മില്ലിങ് സംസ്കരണ പ്രവർത്തനങ്ങളുടെ സംസ്ഥാന ഏകോപന ചുമതല വഹിച്ചിരുന്ന വിനായക് തമ്രാക്കറിനെ അറസ്റ്റിലായ ദിവസം തന്നെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു.
ശിവനാഥ് പുഴയുടെ തീരത്തുള്ള അഞ്ച് ഏക്കർ സ്ഥലത്താണ് ചോളത്തിനും ഗോതമ്പിനും ഇടയിലായി ഇയാൾ കറുപ്പ് കൃഷി ചെയ്തത്. വിനായകിനും കുടുംബത്തിനും ഗ്രാമത്തിൽ 100 ഏക്കർ സ്ഥലവും ഫാം ഹൗസും ഉണ്ട്. കുടുംബത്തിന്‍റെ കാർഷിക വ്യവസായങ്ങൾ നോക്കിനടത്തുന്നത് വിനായകാണ്. കറുപ്പ് കൃഷി ചെയ്ത സ്ഥലം വിനായകിന്‍റെ അകന്ന ബന്ധത്തിലുള്ള രണ്ട് സ്ത്രീകളുടെ പേരിലാണ്. എന്നാൽ, കഴിഞ്ഞ മൂന്ന് വർഷമായി സ്ഥലത്തേക്ക് വന്നിട്ടില്ലെന്നും വിനായകാണ് എല്ലാകാര്യങ്ങളും നോക്കിനടത്തുന്നതെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു.
മാർച്ച് ഏഴിനാണ് വിനായക് അറസ്റ്റിലാകുന്നത്. കുറ്റങ്ങളെല്ലാം ഇയാൾ നിഷേധിച്ചു. 27കാരനായ വീട്ടുജോലിക്കാരനാണ് ഇതിന് പിന്നില്ലെന്നാണ് വിനായക് ആരോപിക്കുന്നത്. സംഭവത്തിൽ വീട്ടുജോലിക്കാരായ വികാസ് ബിഷ്ണോയി, മനീഷ് ഠാക്കൂർ (45) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പേരും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
മാർച്ച് ഏഴിന് നടന്ന റെയ്ഡിൽ എട്ട് കോടി വിലമതിക്കുന്ന കറുപ്പ് ചെടികൾ അധികൃതർ കണ്ടെടുത്തിരുന്നു. മയക്കുമരുന്ന് വിരുദ്ധ നിയമമായ എൻ.ഡി.പി.എസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കേസിൽ ചർച്ച നടത്തണമെന്ന ആവശ്യം തള്ളിയതിനെ തുടർന്ന് നിയമസഭയുടെ നടുത്തളത്തിൽ പ്രതിഷേധിച്ച ഒമ്പത് കോൺഗ്രസ് എം.എൽ.എമാരെ സ്പീക്കർ സസ്‌പെൻഡ് ചെയ്തിരുന്നു. അവരുടെ സസ്‌പെൻഷൻ പിന്നീട് പിൻവലിച്ചു.
ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേൽ ശനിയാഴ്ച ഫാമിലെത്തി കറുപ്പ് തോട്ടത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് കറുപ്പ് കൃഷിയെ പറ്റി പുറംലോകമറിഞ്ഞത്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

