ഓപ്പറേഷൻ സിന്ദൂർ വിജയകരം; ദൗത്യം തുടരുന്നതായും വ്യോമസേന
text_fieldsന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി നിര്‍വഹിക്കാനായെന്ന് വ്യോമസേന. ദൗത്യങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും വ്യോമസേന എക്‌സിൽ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു പിന്നാലെയാണ് വ്യോമസേനയുടെ പ്രതികരണം. ‘ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേനക്ക് ഏൽപ്പിച്ച ദൗത്യങ്ങള്‍ കൃത്യതയോടെയും പ്രൊഫഷനലിസത്തോടെയും വിജയകരമായി നിര്‍വഹിക്കാനായി. ദേശീയ ലക്ഷ്യങ്ങള്‍ക്കനുസൃതമായി, തികഞ്ഞ ആസൂത്രണത്തോടെയും രഹസ്യസ്വഭാവത്തോടെയുമാണ് ഓപ്പറേഷനുകള്‍ നടത്തിയത്. ഓപ്പറേഷൻ ഇപ്പോഴും തുടരുന്നതിനാല്‍, വിശദമായ വിവരങ്ങൾ വൈകാതെ ലഭ്യമാക്കും. അഭ്യൂഹങ്ങളില്‍നിന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്നും ഏവരും വിട്ടുനില്‍ക്കണമെന്ന് ഐ.എ.എഫ് അഭ്യര്‍ഥിക്കുന്നു’ -വ്യോമസേന എക്‌സില്‍ കുറിച്ചു.
ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദമായി വാർത്തസമ്മേളനത്തിൽ പറയുമെന്നും സേന അറിയിച്ചു. വാർത്തസമ്മേളനം ഉടൻ നടക്കുമെന്നാണ് വിവരം. രാത്രിയിലെ വെടിവെപ്പിനുശേഷം അതിർത്തികൾ ശാന്തമാണ്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഉന്നതതല യോഗം നടക്കുകയാണ്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അനില്‍ ചൗഹാന്‍ എന്നിവരെ കൂടാതെ മൂന്ന് സേനാ മേധാവികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

