കർതാർപൂർ ഇടനാഴി അടച്ചു; തീർഥാടകരെ കടത്തിവിടില്ല
text_fieldsകർതാർപൂർ ഇടനാഴി
ചണ്ഡീഗഢ്: സിന്ദൂർ ഓപറേഷന് പിന്നാലെ പഞ്ചാബിലെ കർതാർപൂർ ഇടനാഴി താൽകാലികമായി അടച്ചു. സിഖ് മത സ്ഥാപകനായ ഗുരു നാനാക് ദേവിന്റെ അന്ത്യവിശ്രമ സ്ഥലമായ പാകിസ്താനിലെ ദർബാർ സാഹിബ് ഗുരുദ്വാരയെയും ഗുരുദാസ്പൂർ ജില്ലയിലെ ദേര ബാബ നാനാക് ദേവാലയത്തെയും ബന്ധിപ്പിക്കുന്നതാണ് കർതാർപൂർ ഇടനാഴി. ബുധനാഴ്ച ഗുരുദ്വാര സന്ദർശിക്കാൻ തീർഥാടകരെ അനുവദിക്കില്ല. ബുധനാഴ്ച രാവിലെ നിരവധി തീർഥാടകർ കർതാർപൂരിലേക്ക് എത്തിയെങ്കിലും അവരോട് മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു.
2019 നവംബർ 9 ന് ഗുരുനാനാക് ദേവിന്റെ 550ാം ജന്മവാർഷിക ദിനത്തിലാണ് കർതാർപൂർ ഇടനാഴി തുറന്നത്. എല്ലാ മതങ്ങളിലുമുള്ള ഇന്ത്യൻ തീർഥാടകർക്ക് ഗുരുനാനാക് ദേവിന്റെ അന്ത്യവിശ്രമ സ്ഥലമായ കർതാർപൂരിലെ ചരിത്രപ്രസിദ്ധമായ ഗുരുദ്വാരയിലേക്ക് വർഷം മുഴുവനും വിസ രഹിത യാത്ര നടത്താൻ കഴിയും. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒപ്പുവച്ച കരാർ പ്രകാരം ഒരു ദിവസം 5,000 തീർഥാടകരെയാണ് ഗുരുദ്വാര സന്ദർശിക്കാൻ അനുവദിക്കുക.
ഇന്ത്യൻ സമയം പുലർച്ചെ 1.05നായിരുന്നു കരസേനയുടെ സിന്ദൂർ ഓപറേഷൻ. പഹൽഗാമിൽ 26പേരുടെ ജീവനെടുത്ത ഭീകരരുടെ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യയുടെ നീക്കം. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് കരസേന തകർത്തത്.
നാല് ജയ്ശെ മുഹമ്മദ്, മൂന്ന് ലശ്കറെ ത്വയ്യിബ, രണ്ട് ഹിസ്ബുൽ മുജാഹിദീൻ കേന്ദ്രങ്ങളാണ് സൈന്യം തകർത്തത്. പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് ശേഷം നീതി നടപ്പാക്കിയെന്ന് സൈന്യം എക്സിൽ കുറിച്ചു. കോട്ട്ലി, മുറിദ്കെ, ബഹാവൽപൂർ, ചക് അമ്രു, ഭിംബർ, ഗുൽപൂർ, സിയാൽകോട്ട്, മുസാഫറബാദ്, ഭാഗ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.
പഹൽഗാമിൽ കഴിഞ്ഞമാസം 22ന് വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിനൽകാൻ സൈന്യത്തിന് സർക്കാർ പൂർണ അധികാരം നൽകിയിരുന്നു. തിരിച്ചടിയുടെ സമയവും സ്ഥലവും സൈന്യത്തിന് തീരുമാനിക്കാമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

