ഓപറേഷൻ സിന്ദൂർ: 1971നു ശേഷം ആദ്യമായി സേനകളുടെ സംയുക്ത ആക്രമണം
text_fieldsപഹൽഗാമിലെ ഭീകരാക്രമണത്തിന് രണ്ടാഴ്ച പിന്നിടുന്ന വേളയിൽ പാകിസ്താനിലും പാക്കധീന കശ്മീരിലുമായി ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് ഇന്ത്യൻ സേന തിരിച്ചടിച്ചത്. 1971ലെ ഇന്ത്യ - പാക് യുദ്ധത്തിനു ശേഷം ആദ്യമായാണ് കര, നാവിക, വ്യോമ സേനകൾ സംയുക്തമായി പാകിസ്താനെതിരെ അണിനിരക്കുന്നത്. ഓപറേഷൻ സിന്ദൂർ എന്ന പേരിൽ പുലർച്ചെ 1.44നായിരുന്നു ഇന്ത്യയുടെ തിരിച്ചടി.
കശ്മീരിൽ ആക്രമണം നടത്താനായി ആസൂത്രണം നടത്തിയ ഭീകരകേന്ദ്രങ്ങളാണ് സേന തകർത്തത്. പാകിസ്താനിലെ സൈനിക കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ല. ബഹവൽപുരിലെ ജയ്ശെ മുഹമ്മദ് കേന്ദ്രം, മുരിദ്കെയിലെ ലശ്കറെ ത്വയ്യിബ കേന്ദ്രം എന്നിവ ഇന്ത്യൻ സേനയുടെ സർജിക്കൽ സ്ട്രൈക്കിൽ തകർത്തു. സേന വൈകാതെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സമൂഹമാധ്യമത്തില്‍ സൈന്യം പ്രതികരിച്ചു. ഹാഫിസ് സയീദ് നയിക്കുന്ന ഭീകരസംഘടനയായ ലശ്കറെ ത്വയ്യിബയുടെ ആസ്ഥാനമാണ് മുരിദ്കെ. പഞ്ചാബ് പ്രവിശ്യയിലാണ് ജയ്ശെ മുഹമ്മദ് കേന്ദ്രമായ ബഹവല്‍പുര്‍. അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരിക്കേറ്റതായും പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്.
സ്കാൽപ് മിസൈലുകൾ ഉപയോഗിച്ചാണ് ഭീകരക്യാമ്പുകൾ തകർത്തത്. അതിർത്തി കടന്ന് ആക്രമിച്ചിട്ടില്ലെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണരേഖയിൽ പാകിസ്താൻ സൈന്യം വെടിവെപ്പ് ആരംഭിച്ചതോടെ മേഖലയിലെ ജനങ്ങളെ ബങ്കറുകളിലേക്കു മാറ്റി. ശ്രീനഗർ, ജമ്മു, ലേ, ധരംശാല, അമൃത്‌സർ വിമാനത്താവളങ്ങൾ അടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

