‘ഓപറേഷന്‍ സിന്ദൂര്‍’: ഇന്ത്യ നടത്തിയ സൈനിക നടപടിയെകുറിച്ച് സേന മേധാവിമാർ രാഷ്ട്രപതിയെ ധരിപ്പിച്ചു
text_fieldsന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ‘ഓപറേഷന്‍ സിന്ദൂര്‍’ സൈനിക നടപടി സംബന്ധിച്ച് സേനാ മേധാവിമാര്‍ സര്‍വ സൈന്യാധിപ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട് വിശദീകരിച്ചു.
സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ്, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി എന്നിവരാണ് സൈനിക നടപടിയെക്കുറിച്ച് വിശദീകരിച്ചത്. ബുധനാഴ്ച രാഷ്ട്രപതി ഭവനിലെത്തിയാണ് സേന മേധാവിമാർ രാഷ്ട്രപതിയെ കണ്ടത്.
ഭീകരതക്കെതിരായ ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂർ വിജയമാക്കി മാറ്റിയ സായുധ സേനകളുടെ ധീരതയെയും സമര്‍പ്പണത്തെയും രാഷ്ട്രപതി അഭിനന്ദിച്ചു. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയെ സന്ദര്‍ശിച്ച് പാകിസ്താനെതിരെ നടത്തിയ സൈനിക നടപടിയുടെ വിശദാംശങ്ങള്‍ ധരിപ്പിച്ചിരുന്നു.
ഓപറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്താന്റെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. ഓപറേഷൻ സിന്ദൂറിൽ പാകിസ്താനിലെയും പാക് അധീന കശ്മീരിലേയും ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ നൂറിലേറെ ഭീകരരെ വധിച്ചതായി സൈന്യം വ്യക്തമാക്കിയിരുന്നു. കൂടാതെ, 1960 ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.