സർവകക്ഷി യോഗം ഇന്ന് രാവിലെ 11ന്
text_fieldsന്യൂഡൽഹി: ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സായുധ സേന നടത്തിയ ആക്രമണത്തെക്കുറിച്ച് വിശദീകരിക്കാൻ സർവകക്ഷി യോഗം വ്യാഴാഴ്ച ചേരും.
11 മണിക്ക് പാർലമെന്റ് കോംപ്ലക്സിലെ പാർലമെന്റ് ലൈബ്രറി കെട്ടിടത്തിലെ മുറിയിലാണ് യോഗം ചേരുക. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മോദിയെ അഭിനന്ദിച്ച് ബി.ജെ.പി
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബി.ജെ.പി. മോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യ തീവ്രവാദത്തെ വേരോടെ പിഴുതെറിയാൻ പ്രാപ്തവും പ്രതിജ്ഞാബദ്ധവുമാണെന്ന് ബി.ജെ.പി എക്സിൽ കുറിച്ചു. രാജ്യത്തിന്റെ സായുധസേനയിൽ അഭിമാനിക്കുന്നുവെന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണം.പഹൽഗാമിൽ നിരപരാധികളായ സഹോദരങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയതിനുള്ള ഭാരതത്തിന്റെ പ്രതികരണമാണ് ‘ഓപറേഷൻ സിന്ദൂർ'.
തീവ്രവാദത്തിന്റെ വേരറുക്കാൻ ഭാരതം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. നിങ്ങൾ ഞങ്ങളെ പ്രകോപിപ്പിച്ചാൽ, ഞങ്ങൾ നിങ്ങളെ വെറുതെ വിടില്ലെന്നാണ് പഹൽഗാമിൽ ഇന്ത്യയുടെ സന്ദേശമെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി പ്രസിഡന്റുമായ ജെ.പി. നദ്ദ എക്സിൽ കുറിച്ചു. ‘ഭാരത് മാതാ കീ ജയ്’ എന്ന് എക്സിൽ കുറിച്ചായിരുന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ആദ്യ പ്രതികരണം. ഭീകരതയോട് ലോകം ഒരു വിട്ടുവീഴ്ചയും കാണിക്കരുതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കുറിച്ചു.
കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ധർമേന്ദ്ര പ്രധാൻ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എന്നിവരടക്കമുള്ള നേതാക്കളും പ്രതികരണവുമായി രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

