ആവശ്യമെങ്കിൽ 'ഓപ്പറേഷൻ സിന്ദൂർ 2.0'; കര, നാവിക, വ്യോമ സേനകൾ സജ്ജമെന്ന് കരസേനാ മേധാവി
text_fieldsഉപേന്ദ്ര ദ്വിവേദി
പുണെ: ഭാവിയിലെ യുദ്ധങ്ങളെ നേരിടാൻ കര, നാവിക, വ്യോമ സേനകൾ സംയുക്തമായി സജ്ജമാകുകയാണെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. പുണെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ (NDA) 150-ാമത് പാസിങ് ഔട്ട് പരേഡിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഓപ്പറേഷൻ സിന്ദൂർ' നിലവിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും, ആവശ്യമെങ്കിൽ 'ഓപ്പറേഷൻ സിന്ദൂർ 2.0'നായി മൂന്നു സേനകളും പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആധുനിക യുദ്ധക്കളങ്ങൾ അതീവ സുതാര്യമാണെന്നും, ഓരോ നീക്കവും ശത്രുക്കൾക്ക് വ്യക്തമായി അറിയാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ, സൈനികരുടെ വിന്യാസത്തിലും അതിർത്തിയിലെ ജനങ്ങളുടെ സുരക്ഷയിലും അതീവ ജാഗ്രത ആവശ്യമാണ്. മൂന്ന് സേനകളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നത്.
വിവരയുദ്ധത്തിൽ വിജയം കൈവരിക്കാൻ ജനങ്ങളുടെ വിശ്വാസവും രാജ്യത്തിന്റെ ഐക്യവും അത്യന്താപേക്ഷിതമാണെന്ന് ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ഭരണകൂടവും ജനങ്ങളും തമ്മിൽ പരസ്പര വിശ്വാസം ഉണ്ടായാൽ യുദ്ധത്തിൽ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനിക സംവിധാനങ്ങളെ ഏകീകരിക്കുന്ന 'തിയേറ്ററൈസേഷൻ' നടപടികൾ കൃത്യമായ പാതയിലാണെന്നും അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോർട്ട് പ്രതിരോധ മന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. നിലവിൽ വിവിധ തലങ്ങളിൽ ഈ റിപ്പോർട്ട് അവലോകനം നടന്നുവരികയാണ്. മൂന്ന് സേനകളുടെയും താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെയാണ് ഈ നടപടികൾ പുരോഗമിക്കുന്നത്. സേനകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും ആധുനിക യുദ്ധതന്ത്രങ്ങൾക്കനുസരിച്ച് സ്വയം സജ്ജമാകുന്നതിനുമുള്ള ശ്രമങ്ങളിലാണ് ഇന്ത്യൻ പ്രതിരോധ സേനയെന്ന് കരസേനാ മേധാവി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

