ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കും, ഓപറേഷൻ സിന്ധുവുമായി കേന്ദ്രസർക്കാർ: ‘ഇസ്രായേലിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണം’
text_fieldsഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ തകർന്ന ഇസ്രായേലിലെ കെട്ടിടം
ന്യൂഡൽഹി: ഇറാന്റെ പ്രത്യാക്രമണം രൂക്ഷമായതോടെ ഇസ്രായേലിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ. ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ ‘ഓപറേഷന്‍ സിന്ധു’വിലൂടെ ഒഴിപ്പിക്കാനാണ് തീരുമാനം.
ഇറാനിൽ കുടുങ്ങിയവരെ തിരികെയെത്തിക്കാൻ ‘ഓപറേഷൻ സിന്ധു’വുമായി ഇന്ത്യ മുന്നോട്ടുപോവുകയാണ്. അതിനിടെയാണ് ഇസ്രായേലിലുള്ള ഇന്ത്യൻ പൗരൻമാരെ കരമാർഗം അതിർത്തി രാജ്യങ്ങളിലെത്തിച്ച് തുടർന്ന് ഡൽഹിയിൽ കൊണ്ടുവരാൻ ആലോചിക്കുന്നത്. തുടക്കത്തിൽ ഇസ്രായേലിൽ നിന്ന് വരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്കാണ് സേവനം ലഭ്യമാക്കുക. സ്ഥിതിഗതികൾ നിരീക്ഷിച്ച് പിന്നീട് ആവശ്യമെങ്കിൽ നിർബന്ധിത ഒഴിപ്പിക്കലിന് ശ്രമം നടത്തും.
ഇസ്രായേലിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണമെന്നും ഇസ്രായേൽ സർക്കാർ പുറപ്പെടുവിച്ച സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശിച്ചു. ഇസ്രായേലിലുള്ള ഇന്ത്യൻ പൗരൻമാർ തെൽ അവിവ് എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്രസർക്കാർ അഭ്യർഥിച്ചു. തെൽ അവിവിലെ ഇന്ത്യൻ എംബസിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി +972 54-7520711, +972 54-3278392 ടെലിഫോൺ നമ്പറുകൾ വഴിയും cons1.telaviv@mea.gov.in ഇ-മെയിൽ വഴിയും ബന്ധപ്പെടാം.
ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ ഇസ്രായേലിൽ ഇന്നലെ വ്യാപക നാശമുണ്ടായിരുന്നു. ഇറാൻ ബഹുമുഖ മിസൈലായ ക്ലസ്റ്റർ ബോംബുകൾ ഇസ്രായേലിന് നേരെ പ്രയോഗിച്ചതായി സൂചനയുണ്ട്. ബീർഷബ സൊറോക ആശുപത്രിക്ക് കേടുപാട് സംഭവിച്ചു. ആശുപത്രി ആക്രമിച്ചത് യുദ്ധക്കുറ്റമാണെന്നും ഇറാൻ വലിയ വില നൽകേണ്ടിവരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. എന്നാൽ, ആശുപത്രിക്ക് സമീപമുള്ള സൈനിക കേന്ദ്രത്തിലും രഹസ്യാന്വേഷണ ആസ്ഥാനത്തുമാണ് ആക്രമിച്ചതെന്നും അതിന്റെ ഭാഗമായി സംഭവിച്ച ചെറിയ നാശനഷ്ടമേ ആശുപത്രിക്കുള്ളൂവെന്നും ഇറാൻ വ്യക്തമാക്കി. ഇറാന്റെ മിസൈൽ ആക്രമണത്തിൽ തെൽ അവിവ്, ഹൈഫ, ഗുഷ്ദാൻ, ഹോലോൺ, തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിരവധിപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച നിരവധി പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക സ്ഥിരീകരണം.
ഇന്നലെ ഇറാനിലെ അരാക്ക് ആണവനിലയത്തിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ആണവായുധ നിർമാണത്തിനുള്ള പ്ലൂട്ടോണിയം സമ്പുഷ്ടീകരിക്കുന്നത് ഇവിടെയാണെന്ന് ആരോപിച്ചാണ് ഘനജല റിയാക്ടർ ആക്രമിച്ചത്. ആക്രമണം സ്ഥിരീകരിച്ച അന്താരാഷ്ട്ര ആണവോർജ ഏജൻസി സമീപത്ത് റേഡിയേഷൻ വ്യാപനമില്ലെന്ന് അറിയിച്ചു. തെഹ്‌റാനിൽനിന്ന് 280 കി.മീറ്റർ അകലെ, ഇറാന്റെ പടിഞ്ഞാറൻ ഭാഗത്താണ് അരാക്ക് ആണവനിലയം. 40 യുദ്ധവിമാനങ്ങളും മിസൈലുകളും ഉപയോഗിച്ച് ഇറാന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിക്കുന്നത് യുദ്ധലക്ഷ്യമാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. യുദ്ധത്തിൽ അമേരിക്കയെ നേരിട്ട് പങ്കാളിയാക്കാനുള്ള ശ്രമം ഇസ്രായേൽ ഊർജിതമാക്കിയിട്ടുണ്ട്. ഇതിനെതിരെ അമേരിക്കയിൽ പ്രതിഷേധമുണ്ട്. അതിനിടെ, ഇസ്രായേലിന്റെ ഇറാൻ ആക്രമണത്തിൽ യു.എസ് നേരിട്ട് പങ്കുചേരണമോ എന്ന കാര്യത്തിൽ അടുത്ത രണ്ടാഴ്ചക്കകം പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനമെടുക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് അറിയിച്ചു.
അതേസമയം, വെടിനിർത്തലിനുള്ള നയതന്ത്ര ശ്രമങ്ങളും ഒരുഭാഗത്ത് നടക്കുന്നുണ്ട്. ജർമനി, ബ്രിട്ടൻ, ഫ്രാൻസ് വിദേശകാര്യ മന്ത്രിമാർ വെള്ളിയാഴ്ച ജനീവയിൽ ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തും. യുദ്ധം ഒഴിവാക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് ചൈന അറിയിച്ചു. ഗൾഫ് രാഷ്ട്ര നേതാക്കളും വിവിധ രീതിയിലുള്ള ഇടപെടൽ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

