ഓപ്പൺഡോർ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു: 250 ജീവനക്കാരെ പിരിച്ചുവിട്ടു, ഇനി പൂർണ്ണമായും എ.ഐ സാങ്കേതികവിദ്യയിലേക്ക്
text_fieldsന്യൂഡൽഹി: സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ടെക്നോളജി കമ്പനിയായ ഓപ്പൺഡോർ ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ ഓഫീസുകളിലായി ജോലി ചെയ്തിരുന്ന 250-ഓളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടു. കമ്പനിയുടെ പുനഃസംഘടന ലക്ഷ്യമിട്ടുള്ള 'ഓപ്പൺഡോർ 2.0' സ്ട്രാറ്റജിയുടെ അവസാന ഘട്ടമായാണ് ഈ അപ്രതീക്ഷിത നടപടി.
കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കാസ് നെജാറ്റിയൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സ്' വഴിയാണ് ഈ തീരുമാനം ഔദ്യോഗികമായി പുറത്തുവിട്ടത്. വിവിധ ഡിപ്പാർട്ട്മെന്റുകളിലായി ചിതറിക്കിടക്കുന്നതും, ജീവനക്കാർ നേരിട്ട് ചെയ്യുന്നതുമായ വലിയ ജോലികൾക്ക് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പൂർണ്ണമായും പ്രയോജനപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം.
കമ്പനിയുടെ വിശദീകരണമനുസരിച്ച്,ഓപ്പൺഡോർ 2.0 നടപ്പാക്കിയതിന് ശേഷം നിരവധി പ്രവർത്തനങ്ങൾ ഏകീകരിക്കുകയും, അമേരിക്കയിൽ ചെറിയ എ.ഐ അധിഷ്ഠിത ഉപഭോക്തൃ ടീമുകൾ രൂപീകരിക്കുകയും ചെയ്തതോടെ ഇന്ത്യയിലെ ഓപ്പറേഷൻസ് ടീമുകളുടെ ആവശ്യം കുറഞ്ഞു. ഇതിന്റെ ഭാഗമായി ഏകദേശം 250 ജീവനക്കാരെ ബാധിക്കുന്ന തരത്തിൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ്.
ഈ തീരുമാനത്തെ തുടർന്ന് ജോലി നഷ്ടപ്പെടുന്ന ജീവനക്കാർക്ക് സെവറൻസ് പാക്കേജ് (പിരിച്ചുവിടൽ ആനുകൂല്യം), പുതിയ ജോലി കണ്ടെത്താൻ സഹായിക്കുന്ന ഔട്ട്‌പ്ലേസ്‌മെന്റ് സേവനങ്ങൾ, കൂടാതെ ട്രാൻസിഷൻ പിന്തുണ എന്നിവ കമ്പനി നൽകും. അതേസമയം, പ്രധാന പ്രവർത്തനങ്ങളുടെ കൈമാറ്റ നടപടികൾ പൂർത്തിയാക്കുന്നതിനായി ഒരു ചെറിയ വിഭാഗം ജീവനക്കാർ താൽക്കാലികമായി കമ്പനിയിൽ തുടരുമെന്നും കമ്പനി അറിയിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിൽ സേവനം ലഭ്യമാക്കുന്നതിനായി തങ്ങളുടെ പ്രവർത്തനങ്ങൾ അമേരിക്കയിലേക്ക് തന്നെ തിരികെ മാറ്റുകയാണെന്നും സി.ഇ.ഒ വ്യക്തമാക്കി.
2022 മുതൽ ഇന്ത്യയിലെ പ്രമുഖ ഐ.ടി നഗരങ്ങളായ ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ ഓപ്പൺഡോർ ഓഫീസുകൾ സ്ഥാപിച്ചിരുന്നു. പുതിയ തീരുമാനത്തോടെ ഈ ഓഫീസുകളുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തലാക്കും. ഈ പിരിച്ചുവിടൽ ജീവനക്കാരുടെ പ്രകടനക്കുറവ് കൊണ്ടല്ലെന്ന് സിഇഒ കാസ് നെജാറ്റിയൻ വ്യക്തമാക്കി. കമ്പനിയുടെ മാറിയ ബിസിനസ്സ് ശൈലി കൊണ്ട മാത്രമാണ് ഈ തീരുമാനം. ബാധിക്കപ്പെട്ട എല്ലാ ജീവനക്കാർക്കും അർഹമായ നഷ്ടപരിഹാരവും മറ്റ് കമ്പനികളിൽ പുതിയ ജോലി കണ്ടെത്തുന്നതിനുള്ള ഔട്ട്‌പ്ലേസ്‌മെന്റ് സഹായവും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

