സേവനപ്രവർത്തനങ്ങളിൽ നിരതരാവുക -ഉമറാബാദ് സമ്മേളനം
text_fieldsഉമറാബാദ് ജാമിഅ ദാറുസ്സലാം പൂർവ വിദ്യാർഥി പ്രതിനിധി സംഗമം കാക്കാ അനീസ് അഹ്മദ്
ഉമരി ഉദ്ഘാടനം ചെയ്യുന്നു
ഉമറാബാദ് (തമിഴ്നാട്): തലമുറകളിൽ ഇസ്‍ലാമികാവേശം സന്നിവേശിപ്പിക്കുകയും ശാസ്ത്രീയമായി പ്രബോധനപ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യാൻ ഇസ്‍ലാമിക സ്ഥാപനങ്ങളിലെ വിദ്യാർഥികൾ പ്രാപ്തരാകണമെന്ന് ഉമറാബാദ് ജാമിഅ ദാറുസ്സലാം ജനറൽ സെക്രട്ടറി കാക്കാ അനീസ് അഹ്മദ് ഉമരി അഭിപ്രായപ്പെട്ടു. രാജ്യത്തിനകത്തും പുറത്തുമുള്ള ഉമറാബാദ് ജാമിഅ ദാറുസ്സലാം പൂർവ വിദ്യാർഥി പ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്‍ലാം എവിടെയും കെട്ടിനിൽക്കേണ്ടതല്ല, അതൊരു പ്രവാഹമായി എല്ലാ ജനങ്ങളിലും ഒഴുകി പരക്കേണ്ടതാണ്. നമ്മുടെ സേവന പ്രവർത്തനങ്ങൾ രാജ്യത്തെ എല്ലാവരെയും ഉൾകൊള്ളുന്നതാവണം. കൂട്ടായ്മയും ഐക്യവും നമ്മുടെ മുഖമുദ്രയാണ്. ദാറുസ്സലാം പിന്നിട്ട 100 വർഷങ്ങളിൽ വിഭാഗീയതക്കതീതമായി പ്രവർത്തിക്കാൻ മുൻതലമുറ ശ്രമിച്ചിട്ടുണ്ട്. അത് തുടർന്നും കാത്തുസൂക്ഷിക്കും -അനീസ് അഹ്മദ് പറഞ്ഞു.
ജാമിഅയുടെ വിശാലമായ ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ ഡോ. അബ്ദുല്ല ജോലൻ നേപ്പാളി ഉമരി, അബ്ദുൽ അളീം ഉമരി, മൗലാന റഫീ കല്ലൂരി, മൗലാന ഹസീബ് ഉമരി, മൗലാന ത്വാഹ സഈദ് അഹമ്മദ് മദനി ഒഡിഷ, ഡോ. മുഹമ്മദ് ഇല്യാസ് ആസ്മി ഉമരി, മൗലാന സഗീർ അഹ്മദ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
സ്ഥാപനത്തിന്റെ ഭാവിരൂപരേഖ മൗലാന നിസാർ അഹമ്മദ്, മൗലാന മുഹമ്മദ് ഇബ്രാഹിം എന്നിവർ സമർപ്പിച്ചു. ‘വ്യക്തിത്വ വികസനം’ സിറാജുദ്ദീൻ ഉമരിയും ‘ജംഇയ്യത്ത് ഭാരവാഹികളുടെ ഉത്തരവാദിത്വം’ അബ്ദുൽ മാലിക് സൈഫി ഉമരിയും അവതരിപ്പിച്ചു.
കേരളത്തെ പ്രതിനിധീകരിച്ച് അബ്ദുൽ അസീസ് പത്തപ്പിരിയം, മൂസ പാലക്കാട്, അബ്ദുറസാഖ് എടപ്പാൾ തുടങ്ങിയവർ പങ്കെടുത്തു. മൗലാന ഹാഫിദ് മുഹമ്മദ് ഇബ്രാഹിം ഉമരി സമാപന പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

