തന്റെ രാഷ്ട്രീയഭാവി തീരുമാനിക്കാനുള്ള അധികാരം ജനങ്ങൾക്ക് മാത്രം -ഡി.കെ. ശിവകുമാർ
text_fieldsബംഗളൂരു: തന്റെ രാഷ്ട്രീയഭാവി തീരുമാനിക്കാനുള്ള അധികാരം ജനങ്ങൾക്ക് മാത്രമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. 'ജനങ്ങളാണ് എന്റെ ശക്തി. അവർക്കാണ് എന്റെ രാഷ്ട്രീയഭാവി തീരുമാനിക്കാനുള്ള അധികാരമുള്ളത്. രാമനഗര ജില്ലയിൽ നിന്നാണ് ഞാൻ വരുന്നത്. അവരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. ഞാൻ ജനങ്ങളുടെ പിന്തുണ തേടിയിട്ടുണ്ട്. തുണക്കുമെന്നു തന്നെയാണ് പ്രതീക്ഷ.'-എന്നാണ് ഡി.കെ. ശിവകുമാർ പറഞ്ഞത്.
വൊക്കലിഗ സമുദായത്തിന് സ്വാധീനമുള്ള ജില്ലയാണ് രാമനഗര. ഇവിടെയാണ് ചന്നപട്ന മണ്ഡലം. അതേസമുദായത്തിൽ പെട്ടയാളാണ് കുമാരസ്വാമി. കുമാരസ്വാമിക്കും കുടുംബത്തിനുമാണ് ഇവിടെ കൂടുതൽ സ്വാധീനം. ചന്നപട്ന മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഡി.കെ. ശിവകുമാറിന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യം കുറിക്കുമെന്ന് ബി.ജെ.പി നേതാവ് സി.പി. യോഗേശ്വർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ഡി.കെ. ശിവകുമാർ.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് നടപടി തുടങ്ങുമെന്ന സൂചനകൾക്കിടെയാണ് ശിവകുമാറിന്റെ പ്രസ്താവനയ്ക്ക് പ്രാധാന്യം ലഭിച്ചതെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര സൂചിപ്പിച്ചു. ദേശീയ സമ്പത്ത് പാഴാക്കുകയാണെന്ന മുതിർന്ന ബി.ജെ.പി നേതാവ് സുരേഷ് കുമാറിന്റെ ആരോപണത്തോടും ഡി.കെ. പ്രതികരിച്ചു. കർണാടകയിൽ കോൺഗ്രസിനെ നയിക്കാനുള്ള ചുമതല തനിക്കാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യക്കൊപ്പം തെരഞ്ഞെടുപ്പിൽ ഒരുമിച്ച് നിന്ന് പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ചന്നപട്ന മണ്ഡലത്തിൽ മത്സരിക്കുമെന്ന് നേരത്തേ ശിവകുമാർ സൂചിപ്പിച്ചിരുന്നു. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കുമാരസ്വാമിയോട് പരാജയപ്പെടുകയായിരുന്നു യോഗേശ്വര. നിലവിൽ കനകപുര മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് ശിവകുമാർ. ചന്നപട്ന തിരിച്ചുപിടിക്കുകയാണ് ശിവകുമാറിന്റെ സ്ഥാനാർഥിത്വത്തിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്. ചന്നപട്നയിൽ നേരത്തേ ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷ് മത്സരിക്കുമെന്നായിരുന്നു പ്രചാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

