Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഇനി ഷിൻഡെ വിഭാഗം...

'ഇനി ഷിൻഡെ വിഭാഗം എന്ന് വിളിക്കേണ്ട, ഒരു ശിവസേനയെ ബാക്കിയുള്ളൂ'; ഉദ്ധവ് വിഭാഗത്തിലെ കൂറുമാറ്റം അടിവരയിട്ട് അമിത് ഷാ

text_fields
bookmark_border
ഇനി ഷിൻഡെ വിഭാഗം എന്ന് വിളിക്കേണ്ട, ഒരു ശിവസേനയെ ബാക്കിയുള്ളൂ; ഉദ്ധവ് വിഭാഗത്തിലെ കൂറുമാറ്റം അടിവരയിട്ട് അമിത് ഷാ
cancel

മുംബൈ: വിമത പടനീക്കത്തിൽ ആടിയുലയുന്ന ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന് ശക്തമായ മുന്നറിയിപ്പുമായി ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. മഹാരാഷ്ട്രയിൽ ഏക്‌നാഥ് ഷിൻഡെ നയിക്കുന്നതാണ് യഥാർഥ ശിവസേനയെന്നും ഷിൻഡെ പക്ഷം എന്ന് വിളിക്കേണ്ട സാഹചര്യം മാറിയെന്നും ഇപ്പോൾ ഒരേയൊരു ശിവസേന മാത്രമേ നിലവിലുള്ളൂ എന്നും ഷാ പറഞ്ഞു.

മഹാരാഷ്ട്രയിലെ കോലാപൂരിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. "നേരത്തേ, ആളുകൾക്ക് 'ശിവസേന-ഷിൻഡെ വിഭാഗം' എന്ന് പറയേണ്ടി വന്നു, ഇപ്പോൾ ഒരു വിഭാഗവും അവശേഷിക്കുന്നില്ല... ഒരു ശിവസേന മാത്രമേയുള്ളൂ." അമിത് ഷാ പറഞ്ഞു. ഉദ്ധവ് വിഭാഗത്തിന്റെ തകർച്ച അടിവരയിടുന്നതായിരുന്നു ഷായുടെ പ്രസംഗം. 'ഓപ്പറേഷൻ ടൈഗർ' വഴി ഉദ്ധവ് വിഭാഗത്തിലെ ഒമ്പതിൽ ആറ് പാർലമെന്റ് അംഗങ്ങളെയും പണം കൊടുത്ത് ഷിൻഡെ പക്ഷത്തേക്ക് എത്തിച്ചെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഷായുടെ പരസ്യ പ്രസ്താവന. ഷിൻഡെ വിഭാഗമാണ് യഥാർഥ ശിവസേനയെന്നും അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച ഡൽഹിയിൽ ചേർന്ന ശിവസേന (ഉദ്ധവ്) പാർലമെന്ററി പാർട്ടി യോഗത്തിൽ ആകെയുള്ള ഒൻപത് ലോക്‌സഭാ എംപിമാരിൽ മൂന്ന് പേർ മാത്രമാണ് പങ്കെടുത്തത്. ബാക്കിയുള്ള ആറ് എംപിമാരും യോഗത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇതോടെ യോഗങ്ങളിൽ നിന്ന് വിട്ടുനിന്ന എംപിമാർക്കെതിരെ പാർട്ടി നടപടി ആരംഭിച്ചു. അർവിന്ദ് സാവന്ത്, രാജഭാഭു വാജെ, അനിൽ ദേശായി എന്നീ മൂന്ന് എംപിമാർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. നാഗേഷ് ആഷ്ടികർ, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ജാദവ്, സഞ്ജയ് ദിനാ പാട്ടീൽ, ഓം പ്രകാശ് രാജെ നിംബാൽക്കർ, ഭാവസാഹേബ് വാക്ചൗർ എന്നിവരാണ് വിട്ടുനിന്നത്. ലോക്‌സഭയിലെ പാർട്ടിയുടെ ചീഫ് വിപ്പ് അനിൽ ദേശായി വിട്ടുനിന്ന എംപിമാർക്ക് ഔദ്യോഗികമായി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. 24 മണിക്കൂറിനുള്ളിൽ രേഖാമൂലം വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം (കൂറുമാറ്റ നിരോധന നിയമം) അയോഗ്യതാ നടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.

ഇതിനിടെ ശിവസേന (യുബിടി) പക്ഷത്ത് പുതിയ കൂറുമാറ്റ ഭീഷണികൾ ശക്തമാകുന്നതിനിടെ, പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് ഉദ്ധവ് താക്കറെയും വ്യക്തമാക്കി. പാർട്ടിയുടെ സ്ഥാപകൻ ബാൽ താക്കറെ ഒരിക്കലും അധികാരത്തിന് പിന്നാലെ പോയിട്ടില്ലെന്ന് അനുസ്മരിച്ച ഉദ്ധവ്, താൻ അധികാരമോഹിയല്ലെന്നും വേണ്ടിവന്നാൽ ഈ നിമിഷം അധ്യക്ഷ പദവി ഒഴിഞ്ഞുതരാമെന്നും പറഞ്ഞു. ഉദ്ധവിന്റെ പിതാവ് ബാൽ താക്കറെ സ്ഥാപിച്ച ശിവസേനയുടെ പേരും ചിഹ്നവും ഉള്ള ഷിൻഡെ വിഭാഗത്തെ ബാൽ താക്കറെയുടെ പാരമ്പര്യത്തിന്റെ യഥാർഥ അവകാശിയായി ഷാ ചിത്രീകരിക്കുന്നത് ഇതാദ്യമായിരുന്നില്ല. നേരത്തേ മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ, "യഥാർഥ ശിവസേന ഏതാണെന്ന് ഷിൻഡെ എല്ലാവർക്കും കാണിച്ചുകൊടുത്തു" എന്ന് ഷാ പറഞ്ഞിരുന്നു. ഷിൻഡെയുടെ പാർട്ടി അമിത് ഷായുടേതാണെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു അന്ന് ഉദ്ധവ് വിഭാഗത്തിന്റെ നേതാക്കളിലൊരാളായ സഞ്ജയ് റാവത്ത് തിരിച്ചടിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahUddhav Thackerayshiv senaEknath Shinde
News Summary - ‘Only one Shiv Sena remains’: Amit Shah's dig at Uddhav Thackeray, says Eknath Shinde's no longer a ‘faction’
Next Story