‘മുസ്‌ലിം ആരെന്ന് തീരുമാനിക്കേണ്ടത് അല്ലാഹു, രാഷ്ട്രീയം പള്ളിയുടെ പടിക്ക് പുറത്തുവെക്കണം’; ബി.ജെ.പി നേതാവിനെ നമസ്കരിക്കാൻ അനുവദിച്ചില്ലെന്ന കേസിൽ മദ്രാസ് ഹൈകോടതി
text_fieldsമദ്രാസ് ഹൈകോടതി
ചെന്നൈ: ബി.ജെ.പിയിലോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിലോ അംഗമാണെന്ന കാരണത്താൽ ഒരു മുസ്‌ലിമിനെയും പള്ളിയിൽ നമസ്കരിക്കുന്നതിൽനിന്ന് തടയാൻ മറ്റു വിശ്വാസികൾക്ക് അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി. യഥാർഥ മുസ്‌ലിം ആരെന്ന് തീരുമാനിക്കേണ്ടത് സർവശക്തനായ അല്ലാഹുവാണെന്നും സാധാരണ മനുഷ്യരല്ലെന്നും ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ വ്യക്തമാക്കി.
സേലത്തെ പള്ളിയിൽ നമസ്കരിക്കാൻ ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് (ഐ.യു.എം.എൽ) ഭാരവാഹി സയ്യിദ് മൂസ തന്നെ അനുവദിച്ചില്ലെന്ന് ആരോപിച്ച് ബി.ജെ.പി ന്യൂനപക്ഷ മോർച്ച ഭാരവാഹിയും തിരുവള്ളൂർ റെഡ് ഹിൽസ് സ്വദേശിയുമായ എം. സയ്യിദ് ഇബ്രാഹിം നൽകിയ റിട്ട് ഹരജി തീർപ്പാക്കിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.
പള്ളിയിൽ പ്രവേശിക്കുന്നതിന് മുമ്പ് രാഷ്ട്രീയവും മറ്റ് ഭിന്നതകളും പടിക്ക് പുറത്തുവെക്കണമെന്നും കോടതി ഓർമിപ്പിച്ചു. നമസ്കാരത്തിന് നേതൃത്വം നൽകുന്ന ഇമാം മാത്രമാണ് മുന്നിൽ നിൽക്കുന്നതെന്നും പിന്നിൽ സാമൂഹിക-സാമ്പത്തിക വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരുമിച്ചാണ് നിൽക്കുന്നതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ഹരജിക്കാരൻ ബി.ജെ.പിയാണോ കോൺഗ്രസാണോ കമ്യൂണിസ്റ്റാണോ എന്നത് തന്നെ ബാധിക്കുന്ന വിഷയമല്ല. അല്ലാഹുവിന് മാത്രം അവകാശപ്പെട്ട പള്ളിയിൽ പ്രാർഥിക്കുന്നതിൽനിന്ന് ഒരു മുസ്‌ലിമിനെ മറ്റൊരാൾ എങ്ങനെ തടയുമെന്നതാണ് തന്റെ ആശങ്കയെന്നും കോടതി പറഞ്ഞു.
‘പള്ളികൾ അല്ലാഹുവിന് സമർപ്പിക്കപ്പെട്ടവയാണ്. മനുഷ്യർ വെറും നടത്തിപ്പുകാർ മാത്രമാണ്. ഹരജിക്കാരൻ മുസ്‌ലിമാണെന്ന് അല്ലാഹു തീരുമാനിച്ചാൽ മറിച്ചൊരു തീരുമാനമെടുക്കാൻ മനുഷ്യർക്ക് അധികാരമില്ല’ -കോടതി നിരീക്ഷിച്ചു.
ഇസ്‌ലാമിക തത്ത്വങ്ങൾ ആരെങ്കിലും ലംഘിച്ചാൽ ഖിയാമത്ത് നാളിൽ (അന്ത്യദിനം) അല്ലാഹു അവർക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്ന് ഹദീസുകളിൽ വ്യക്തമാണ്. ശിക്ഷ വിധിക്കാൻ മനുഷ്യർക്ക് അധികാരമില്ല. 1937ലെ ശരീഅത്ത് നിയമപ്രകാരവും തമിഴ്‌നാട്ടിൽ കൊണ്ടുവന്ന ഭേദഗതികൾ പ്രകാരവും ഒരു മുസ്‌ലിമിനെ പള്ളിയിൽ നിന്ന് പുറത്താക്കാൻ മറ്റൊരാൾക്ക് അവകാശമില്ല. ആരാധനാലയത്തിന് പുറത്തിറങ്ങിയ ശേഷം വ്യക്തികൾക്ക് അവരുടെ രാഷ്ട്രീയ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, പള്ളിയിൽ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് ഹരജിക്കാരൻ പുറത്ത് റോഡിൽ നമസ്കരിച്ച് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയ നടപടിയെയും കോടതി വിമർശിച്ചു. നമസ്കരിക്കുമ്പോൾ വസ്ത്രം ശുദ്ധമായിരിക്കണമെന്ന് പ്രവാചകൻ മുഹമ്മദ് നബി നിർദേശിച്ചിട്ടുണ്ടെന്നും സേലത്തെ റോഡുകൾ അത്ര ശുദ്ധമല്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ജഡ്ജി കൂട്ടിച്ചേർത്തു.
സംഭവവുമായി ബന്ധപ്പെട്ട് സേലം സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത മൂന്ന് എഫ്.ഐ.ആറുകളിലും ഇരുകൂട്ടരുമായി മധ്യസ്ഥ ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ കോടതി പൊലീസിന് നിർദേശം നൽകി. ഒരു വിഭാഗം മുസ്‌ലിംകൾ മറ്റൊരു വിഭാഗത്തെ പള്ളിയിൽ നമസ്കരിക്കുന്നതിൽനിന്ന് തടയരുതെന്ന് സമാനമായ കേസിൽ അലഹബാദ് ഹൈകോടതിയും വിധി പുറപ്പെടുവിച്ചിരുന്നു.

