ഇനി മുതൽ തമിഴ്‌നാട്ടിൽ എ.സി ബസുകൾ മാത്രം; നിർണ്ണായക തീരുമാനവുമായി മുഖ്യമന്ത്രി വിജയ്
text_fieldsവിജയ്
ചെന്നൈ: തമിഴ്‌നാട്ടിലെ പൊതുഗതാഗത സംവിധാനത്തിൽ വൻ മാറ്റത്തിനൊരുങ്ങി സർക്കാർ. ഇനി മുതൽ വാങ്ങുന്ന എല്ലാ പുതിയ സർക്കാർ ബസുകളും എ.സി സൗകര്യമുള്ളവയായിരിക്കുമെന്ന് മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. ഗതാഗത മന്ത്രി വിജയ് തമിഴൻ പാർത്ഥിപനാണ് മുഖ്യമന്ത്രിയുടെ തീരുമാനം അറിയിച്ചത്.
തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളെപ്പോലും മികച്ച ബസ് ശൃംഖലയിലൂടെ പരസ്പരം ബന്ധിപ്പിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ‘ഇനി മുതൽ തമിഴ്‌നാട്ടിലെ ജനങ്ങൾ എ.സി ബസുകളിൽ യാത്ര ചെയ്യണം. അതുകൊണ്ട് തന്നെ, വരുംകാലങ്ങളിൽ വാങ്ങുന്ന പുതിയ ബസുകളെല്ലാം എ.സി സൗകര്യമുള്ളവയായിരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിർബന്ധമുണ്ട്,' മന്ത്രി പാർത്ഥിപൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ സുതാര്യവും സത്യസന്ധവും അഴിമതിരഹിതവുമായ ഒരു ഭരണം ആഗ്രഹിച്ചാണ് ജനങ്ങൾ ഈ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ അധികാരികളും പൊലീസും 'സീറോ ടോളറൻസ്' നയം സ്വീകരിക്കണമെന്നും അദ്ദേഹം കർശന നിർദ്ദേശം നൽകി. സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും സർക്കാർ അതീവ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.
അധികാരമേറ്റെടുത്ത ശേഷം വിവിധ മേഖലകളിൽ തമിഴ്‌നാട് സർക്കാർ നടത്തുന്ന നീക്കങ്ങൾ ശ്രദ്ധേയമാണ്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് മുഖ്യമന്ത്രി വിജയ് അടുത്തിടെ ചെന്നൈ മരീന ബീച്ചിന് സമീപം നടന്ന 'സ്റ്റാർട്ട് റൺ, സ്റ്റോപ്പ് ഡ്രഗ്‌സ്' മാരത്തണിന് നേതൃത്വം നൽകിയിരുന്നു. മന്ത്രിമാരായ ആദവ് അർജുന, പി. വെങ്കടരമണൻ, ചീഫ് സെക്രട്ടറി എം. സായ് കുമാർ എന്നിവർക്കൊപ്പം മൂന്ന് കിലോമീറ്റർ ദൂരം മുഖ്യമന്ത്രിയും ഓടി. 'കായികം സ്വീകരിക്കൂ, ലഹരി ഉപേക്ഷിക്കൂ' എന്ന സന്ദേശം പങ്കുവെച്ചായിരുന്നു മാരത്തൺ സംഘടിപ്പിച്ചത്.
സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി കേന്ദ്രവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരുമായുള്ള കൂടിക്കാഴ്ചയിൽ തുറമുഖങ്ങൾ, ദേശീയപാതകൾ, റെയിൽവേ പദ്ധതികൾ എന്നിവക്കായി കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. മേക്കേദാട്ടു അണക്കെട്ട് വിഷയം, മത്സ്യത്തൊഴിലാളികളുടെ അറസ്റ്റ് തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന ഉറച്ച നിലപാടാണ് സർക്കാർ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

