പത്തുവർഷത്തിനിടെ സംഘപരിവാർ സംഘടനകൾക്ക് പൊതുമേഖലാ സ്ഥാപനമായ ഒ.എൻ.ജി.സി നൽകിയത് 668 കോടിയിലേറെ രൂപ; അന്വേഷണ റിപ്പോർട്ട് പുറത്ത്
text_fieldsന്യൂഡൽഹി: പത്തുവർഷത്തിനിടെ ആർ.എസ്.എസ് ബന്ധമുള്ള സംഘടനകൾക്ക് സി.എസ്.ആർ ഫണ്ടിൽ നിന്ന് 668 കോടിയിലധികം രൂപ പൊതുമേഖലാ സ്ഥാപനമായ ഒ.എൻ.ജി.സി നൽകിയതായി റിപ്പോർട്ട്. ആർ.എസ്.എസ് ബന്ധമുള്ള 20 സംഘടനകൾക്ക് സി.എസ്.ആർ ഫണ്ടിൽ നിന്ന് 668 കോടിയിലധികം രൂപ നൽകിയതായി 'ദി ന്യൂസ് മിനിറ്റ്' പുറത്തുവിട്ട പ്രത്യേക അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഘടന രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും സർക്കാരിൽ നിന്ന് ഫണ്ട് തേടുന്നവർക്ക് മാത്രമാണ് രജിസ്ട്രേഷൻ ആവശ്യമെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് അടുത്തിടെ അവകാശപ്പെട്ടതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. 2015ന്റെ ആദ്യ പാദം മുതൽ 2025ന്റെ ആദ്യ പാദം വരെയുള്ള കാലയളവിൽ രാജ്യത്തുടനീളമുള്ള രണ്ടായിരത്തിലധികം സംഘടനകൾക്കായി ഒ.എൻ.ജി.സി 4,531 കോടി രൂപ സി.എസ്.ആർ ഫണ്ട് നൽകിയിട്ടുണ്ട്. ഇതിൽ 14.7 ശതമാനവും (668.01 കോടി രൂപ) ആർ.എസ്.എസ് ബന്ധമുള്ള 20 സംഘടനകളിലേക്കാണ് എത്തിയത്.
അസമിലെ ശിവസാഗർ ജില്ലയിലുള്ള 300 കിടക്കകളുള്ള സ്വർഗദേവ് സിയു-ക-ഫ ഹോസ്പിറ്റലിനാണ് ഒ.എൻ.ജി.സിയിൽ നിന്ന് ഏറ്റവും കൂടുതൽ തുക ലഭിച്ചത് (434 കോടി രൂപയിലധികം). ആർ.എസ്.എസ് ആശയങ്ങളിൽ പ്രവർത്തിക്കുന്ന ഔറംഗാബാദ് ആസ്ഥാനമായുള്ള 'ഡോ. ബാബാസാഹേബ് അംബേദ്കർ വൈദ്യകീയ പ്രതിഷ്ഠാനവും' ഒ.എൻ.ജി.സിയും ചേർന്നാണ് ഈ ആശുപത്രി നടത്തുന്നത്. നാഗ്പൂരിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായി 'ഡോ. ആബാജി തട്ടേ സേവ ഔർ അനുസന്ധാൻ സംസ്ഥ' ട്രസ്റ്റിന് 140 കോടി രൂപയും ഒ.എൻ.ജി.സി നൽകിയിട്ടുണ്ട്. കൂടാതെ സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സംസ്ഥാൻ (എസ്. വ്യാസ), സേവാ ഭാരതിയുടെ വിവിധ ശാഖകൾ, ഭാരത് വികാസ് പരിഷത്ത്, ഏകലവ്യ ഫൗണ്ടേഷൻ, ഭാരതീയ വിദ്യാനികേതൻ തുടങ്ങിയ വിവിധ വിദ്യാഭ്യാസ-ആരോഗ്യ-സേവന സംഘടനകൾക്കും വിദ്യാഭ്യാസം, ഹോസ്റ്റൽ നിർമ്മാണം, യോഗാ ക്യാമ്പുകൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി കോടികളുടെ ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ഡൽഹിയിലും ഉത്തർപ്രദേശിലും ഊർജ്ജക്ഷമതയുള്ള 'ഹരിത' ശ്മശാനങ്ങൾ സ്ഥാപിക്കുന്നതിനായി രാഷ്ട്രീയ സേവാ ഭാരതിയുടെ അനുബന്ധ സംഘടനയായ മോക്ഷ്ദ പര്യവറൺ ഏവം വൻ സുരക്ഷാ സമിതിക്ക് 5.12 കോടി രൂപ ഒ.എൻ.ജി.സി നൽകിയിട്ടുണ്ട്. ആർ.എസ്.എസ് സൈദ്ധാന്തികനായ ദീൻദയാൽ ഉപാധ്യായയുടെ പേരിലുള്ളതും, ആർ.എസ്.എസ് പ്രചാരകും മുൻ രാജ്യസഭാ അംഗവും ഭാരതരത്ന ജേതാവുമായ നാനാജി ദേശ്മുഖ് സ്ഥാപിച്ചതുമായ ദീൻദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് 1.13 കോടി രൂപയും ഒ.എൻ.ജി.സി അനുവദിച്ചു. കൂടാതെ, ആർ.എസ്.എസ് സ്വയംസേവകനായ ബാബാസാഹേബ് പുരന്ദരെ സ്ഥാപിച്ച മഹാരാജ ശിവച്ഛത്രപതി പ്രതിഷ്ഠാൻ ട്രസ്റ്റിന്, ഡൽഹിയിൽ മറാഠാ യോദ്ധാവ് ശിവാജിയെക്കുറിച്ച് അഞ്ച് ദിവസം നീണ്ടുനിന്ന സാംസ്കാരിക പരിപാടിക്കായി ഒരു കോടി രൂപയും കൊടുത്തിട്ടുണ്ട്.
ഒ.എൻ.ജി.സി ബോർഡിലും സി.എസ്.ആർ സമിതിയിലും കഴിഞ്ഞ കുറെ വർഷങ്ങളായി ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ള സാംബിത് പത്ര, റീന ജെയ്റ്റ്‌ലി, ശ്യാം ചന്ദ് ഘോഷ് തുടങ്ങിയ വ്യക്തികൾ പ്രവർത്തിച്ചിരുന്ന കാലത്താണ് ഈ ഫണ്ടുകൾ കൂടുതലായി അനുവദിക്കപ്പെട്ടതെന്നും, സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 'സ്റ്റാച്യു ഓഫ് യൂണിറ്റി' നിർമ്മാണത്തിനായി ഒ.എൻ.ജി.സിയും മറ്റ് നാല് എണ്ണക്കമ്പനികളും ചേർന്ന് 146 കോടി രൂപ നൽകിയ നടപടിയെ മുമ്പ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എജി.) വിമർശിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

