ആന്ധ്രയിലെ കൊനസീമ ഒ.എൻ.ജി.സിയിൽ വാതകചോർച്ച; ആളുകളെ ഒഴിപ്പിച്ചു
text_fieldsഅമരാവതി: ആന്ധ്രപ്രദേശിലെ കൊനസീമയിൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷനിൽ (ഒ.എൻ.ജി.സി) വാതക ചോർച്ച. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. വാതക ചോർച്ചയെത്തുടർന്ന് സമീപപ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു. ചോർച്ച വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ദേശീയപാതയിലെ ഗതാഗതവും താൽക്കാലികമായി നിർത്തിവെച്ചു.
എണ്ണക്കമ്പനിയുടെ അടച്ചിട്ടിരുന്ന കിണറിൽ ഡ്രില്ലിങ് ജോലികൾ നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി വാതകം ശക്തിയോടെ പുറത്തേക്ക് പ്രവഹിച്ചത്. വലിയ ശബ്ദത്തോടെയായിരുന്നു വാതകം പുറത്തേക്ക് വന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി.
വിവരമറിഞ്ഞ് ഒ.എൻ.ജി.സി വിദഗ്ധരും ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അടിയന്തര നടപടികൾ ആരംഭിച്ചു. വാതക ചോർച്ച നിയന്ത്രിക്കുന്നതിനായി നരസാപുരത്തുനിന്ന് പ്രത്യേക ബ്ലോഔട്ട് നിയന്ത്രണ സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. തീപിടിത്തമുണ്ടാകാതിരിക്കാൻ അഗ്നിരക്ഷാസേനയെയും വിന്യസിച്ചു.
വാതകത്തിന് തീപിടിച്ചാൽ തീ സമീപപ്രദേശങ്ങളിലേക്ക് പടരുന്നത് തടയാനായി കിണറിന് ചുറ്റും വെള്ളം സ്പ്രേ ചെയ്തിട്ടുണ്ട്. വാതകം സമീപ ഗ്രാമങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നാണ് വിവരം. വാതക ചോർച്ച നിയന്ത്രിക്കാനും സമീപത്തെ ജനവാസ മേഖലകളിലേക്ക് വ്യാപിക്കുന്നത് തടയാനുമുള്ള നടപടികൾ ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരികയാണ്.
സമാനമായി, ജില്ലയിൽ കഴിഞ്ഞ ജനുവരിയിൽ ഇരുസുമണ്ട ഗ്രാമത്തിലും ഒ.എൻ.ജി.സി കിണറിൽ വാതക ചോർച്ചയുണ്ടായിരുന്നു. പിന്നാലെ തീപിടിത്തമുണ്ടാകുകയും സമീപത്തെ ഗ്രാമങ്ങളിൽനിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. മാസങ്ങൾക്കുശേഷം സമാനമായ മറ്റൊരു സംഭവംകൂടി ഉണ്ടായതോടെ കോനസീമയിലെ ജനങ്ങൾ ആശങ്കയിലാണ്.

