‘ഓപറേഷൻ സിന്ദൂറിന്’ ഒരാണ്ട്
text_fieldsന്യൂഡൽഹി: പഹൽഗാമിലെ ബൈസരൺ വാലിയിൽ നിരപരാധികളായ 26 പേരെ നിഷ്ഠുരമായി വെടിവെച്ചുകൊന്നതിന് ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടി ‘ഓപറേഷൻ സിന്ദൂർ’ നടന്നിട്ട് ഒരു വർഷം. 2025 മേയ് ഏഴിന് പുലർച്ചെ 1.44ന് ഇന്ത്യയുടെ കര, നാവിക, വ്യോമസേനകൾ സംയുക്തമായി നടത്തിയ ‘ഓപറേഷൻ സിന്ദൂർ’ ദൗത്യത്തിൽ മുസാഫർബാദ്, ബഹാവൽപുർ, കോട്ലി, മുരിദ്കെ തുടങ്ങി ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് കനത്ത തിരിച്ചടി നൽകിയത്.
ഇന്ത്യൻ അതിർത്തിയിൽനിന്ന് ആറുമുതൽ 100 വരെ കിലോമീറ്റർ അകലെയുള്ള കേന്ദ്രങ്ങളാണിവ. പാകിസ്താന്റെ വ്യോമാതിർത്തി ലംഘിക്കാതെയായിരുന്നു കൃത്യവും സൂക്ഷ്മവുമായ ആക്രമണം. ഓപറേഷൻ സിന്ദൂർ കേവലം അതിർത്തിയിലെ ചെറിയൊരു ഏറ്റുമുട്ടലല്ലായിരുന്നുവെന്നും പാകിസ്താന്റെ സൈനിക ശേഷിയെയും ആത്മവിശ്വാസത്തെയും തകർത്തെറിഞ്ഞ കൃത്യമായ ആസൂത്രണത്തോടെയുള്ള ആക്രമണമായിരുന്നുവെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കുകയുണ്ടായി.
വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേരെ ഭീകരർ വെടിവെച്ച് വീഴ്ത്തിയപ്പോൾ പലരുടെയും ഭാര്യമാർ ദൃക്സാക്ഷികളായിരുന്നു. ദുരന്തം നേരിൽക്കണ്ട അവരോടുള്ള ആദരസൂചകമായാണ് തിരിച്ചടിക്ക് ‘സിന്ദൂർ’ എന്ന പേര് തിരഞ്ഞെടുത്തത്. ഇന്ത്യൻ പാരമ്പര്യത്തിൽ വിവാഹിതരായ സ്ത്രീകൾ നെറ്റിയിൽ സിന്ദൂരം തൊടുന്നത് പതിവാണ്. നാവികസേനയിൽ ലഫ്റ്റനന്റായ വിനയ് നർവാളിന്റെ മൃതദേഹത്തിനരികെ ദുഃഖാർത്തയായി ഇരിക്കുന്ന ഭാര്യ ഹിമാൻഷി നർവാളിന്റെ ചിത്രം ഭീകരാക്രമണത്തിന്റെ പ്രതീകങ്ങളിലൊന്നായി മാറി. രാജ്യത്തിന്റെ ആത്മവിശ്വാസവും ആത്മാഭിമാനവും മാനം മീതെ ഉയർത്തിയ ‘ഓപറേഷൻ സിന്ദൂർ’ രാജ്യത്തോട് വിശദീകരിക്കാൻ കേണല്‍ സോഫിയ ഖുറേഷിയെയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങിനെയും സൈന്യം ചുമതലപ്പെടുത്തിയത് ചരിത്രനിയോഗമായിരുന്നു. നിർഭാഗ്യവശാൽ, കേണൽ സോഫിയക്ക് മധ്യപ്രദേശ് ബി.ജെ.പി സർക്കാറിലെ മന്ത്രിയിൽനിന്ന് വിദ്വേഷ പരാമർശം കേൾക്കേണ്ടി വന്നതിനും രാജ്യം സാക്ഷിയായി.
ഓപറേഷൻ സിന്ദൂറിന് പിന്നാലെ പൂഞ്ച്, രജൗരി, കുപ്വാര തുടങ്ങിയ അതിർത്തി ജില്ലകളിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ 14 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. ഇത്തരം ആക്രമണത്തിൽ നിന്ന് സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇവിടങ്ങളിൽ ബങ്കറുകൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ഭൂപ്രകൃതിയുടെ പ്രത്യേകതകൾ കാരണം നിർമാണ പ്രവർത്തനങ്ങൾ പലയിടത്തും പൂർത്തിയായിട്ടില്ല. സമാധാനജീവിതം കെട്ടിപ്പടുക്കാൻ കശ്മീർ ജനത കഠിനപരിശ്രമം നടത്തിവരവെ അതിനെയെല്ലാം തകിടം മറിച്ചായിരുന്നു പഹൽഗാമിലെ ഭീകരാക്രമണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

