പാക് ഡ്രോൺ ആക്രമണത്തെ പ്രതിരോധിച്ച് ഇന്ത്യ; ഉറിയിലെ ഷെല്ലാക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു
text_fieldsജമ്മു: ജമ്മു കശ്മീരിലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും ഗ്രാമങ്ങളെയും സിവിലിയന്മാരെയും ലക്ഷ്യമിട്ട് പാകിസ്താന്‍റെ പ്രകോപനം. പാക് പ്രകോപനത്തിന് പിന്നാലെ അതിശക്തമായ രീതിയിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം.
നിയന്ത്രണരേഖയിലും രാജ്യാന്തര അതിർത്തിയിലുമാണ് ഡ്രോൺ, ഷെൽ ആക്രമണങ്ങൾ നടത്തിയത്. ഇന്ന് രാവിലെ ജയ്‍സാൽമീറിലെ ബി.എസ്.എഫ് ക്യാമ്പിന് നേരെയാണ് ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചത്.
രാജ്യാന്തര അതിർത്തിയോട് ചേർന്നുള്ള ഉറി, ജമ്മു, ഉധംപൂർ, സാംബ, അഖ്നൂർ, നഗ്രോട്ട, പത്താൻകോട്ട് എന്നിവിടങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാകിസ്താന്‍റെ ആക്രമണം. അമ്പതോളം ഡ്രോണുകളാണ് പാക് സൈന്യം തൊടുത്തുവിട്ടത്.
അതേസമയം, ഇന്ത്യ അതിർത്തി പ്രദേശങ്ങളിൽ വിന്യസിച്ച വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് പാക് ഡ്രോണുകളെ സുരക്ഷാസേന പ്രതിരോധിച്ചു. എൽ-70 തോക്കുകൾ, സു-23 എം.എം, ഷിൽക്ക സിസ്റ്റങ്ങൾ, മറ്റ് നൂതന പ്രതിരോധ ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചായിരുന്നു പ്രതിരോധം.
ജമ്മു കശ്മീരിലെ ഉറി, പൂഞ്ച്, രജൗരി എന്നിവിടങ്ങളിൽ കനത്ത ഷെല്ലാക്രമണമാണ് പാക് സേന നടത്തിയത്. ഷെല്ലാക്രമണത്തിൽ ഉറി സ്വദേശിയായ സ്ത്രീ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. റസർവാണി സ്വദേശി ബഷീർ ഖാന്‍റെ ഭാര്യ നർഗീസ് ബീഗമാണ് മരിച്ചത്. റസാഖ് അഹമ്മദിന്‍റെ ഭാര്യ ഹഫീസക്കാണ് പരിക്കേറ്റത്. ഹഫീസയെ ബാരാമുല്ലയിലെ ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വടക്കൻ കശ്മീരിലെ ബാരാമുല്ല ജില്ലയിലെ ഗ്രാമങ്ങളെയും സിവിലിയന്മാരെയും ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണം. റസർവാണിയിൽ നിന്ന് ബാരാമുല്ലയിലേക്ക് പോവുകയായിരുന്ന വാഹനത്തിൽ മൊഹുറക്ക് സമീപത്തുവച്ച് ഷെൽ പതിച്ചതായാണ് റിപ്പോർട്ട്.
അതേസമയം, ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് പാകിസ്താൻ ഇന്നലെ നടത്തിയ ഡ്രോൺ, മിസൈൽ ആക്രണങ്ങളെ ഇന്ത്യ തകർത്തിരുന്നു. പത്താൻകോട്ടിലും ഉധംപൂരിലും പാക് ഡ്രോണുകൾ സൈന്യം വെടിവെച്ചിട്ടു. ജമ്മു വിമാനത്താവളം, സാംബ, ആർ.എസ് പുര, അർനിയ തുടങ്ങി പ്രധാന സ്ഥലങ്ങൾ ലക്ഷ്യമിട്ടായിരുന്നു മിസൈലുകൾ.
ജമ്മു വിമാനത്താവളത്തിൽ ഇന്ത്യൻ വ്യോമസേന സ്റ്റേഷനും പ്രവർത്തിക്കുന്നുണ്ട്. ജമ്മു നഗരത്തിൽ പലയിടത്തും സ്ഫോടന ശബ്ദം മുഴങ്ങി. സ്ഫോടനത്തിനു പിന്നാലെ ജമ്മുവിൽ വൈദ്യുതി വിച്ഛേദിച്ചു. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ രാജസ്ഥാൻ ജില്ലകളിലും വൈദ്യുതി വിച്ഛേദിച്ചു. ജയ്സാൽമീറിൽ സ്ഫേടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

