മാനസികാരോഗ്യ കേന്ദ്രത്തിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരുമരണം; 70 പേർ ചികിത്സയിൽ
text_fieldsഹൈദരാബാദ്: ഹൈദരാബാദിലെ എറഗദ്ദയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ (ഐ.എം.എച്ച്) ഭക്ഷ്യവിഷബാധയേറ്റ് ഒരു രോഗി മരിച്ചു. കിരൺ (30) എന്ന രോഗിയാണ് തിങ്കളാഴ്ച മരിച്ചത്.
70 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായും രണ്ടു പേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. ആശുപത്രിയിലെ മാനസിക വെല്ലുവിളി നേരിടുന്ന രോഗികൾക്ക് തിങ്കളാഴ്ച രാവിലെ മുതലാണ് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. ഒസ്മാനിയ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് രോഗികളുടെ നില ഗുരുതരമാണെന്നാണ് വിവരം. 68 പേരുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഹൈദരാബാദ് ജില്ലാ കലക്ടർ അനുദീപ് ദുരിഷെട്ടിയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എ. നരേന്ദ്ര കുമാറും ചൊവ്വാഴ്ച വൈകുന്നേരം ഐ.എം.എച്ച് സന്ദർശിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി ദാമോദർ രാജ നരസിംഹ നിർദേശം നൽകിയിട്ടുണ്ട്. രോഗികളുടെ ആരോഗ്യനില സംബന്ധിച്ച നിരീക്ഷണത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. നില വഷളാവുകയാണെങ്കിൽ രോഗികളെ മാറ്റാൻ രണ്ട് ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്.
ഭക്ഷ്യവിഷബാധ മൂലമാണോ രോഗമുണ്ടായത് എന്നത് സംബന്ധിച്ച് ഉറപ്പുവരുത്തുന്നതിനായി രോഗികളുടെ മലം, ഛർദ്ദി സാമ്പിളുകൾ ശേഖരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിനിലേക്ക് അയച്ചിട്ടുണ്ട്. മലിനജലത്തിൽ നിന്നാണ് രോഗം വന്നതെന്ന് സംശയിക്കുന്നതിനാൽ ഉദ്യോഗസ്ഥർ ജല സാമ്പിളുകൾ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം മുതിർന്ന ഉദ്യോഗസ്ഥർ ആശുപത്രി സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു. ഐ.എം.എച്ചിലെ രോഗികൾ താമസ സൗകര്യം, സുരക്ഷ, വൃത്തിഹീനമായ ചുറ്റുപാടുകൾ, ഗുണനിലവാരമില്ലാത്ത ഭക്ഷണം എന്നീ പ്രശ്‌നങ്ങൾ നേരിടുന്നതായുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

