‘ഒരു രാജ്യം, ഒരു ഭർത്താവ് പദ്ധതിയാണോ ഇത്’; ഓപറേഷൻ സിന്ദൂറിന്‍റെ പേരിൽ ബി.ജെ.പി വോട്ട് തേടുന്നുവെന്ന് ഭഗവന്ത് മൻ
text_fieldsഭഗവന്ത് മൻ
ചണ്ഡിഗഡ്: ഓപറേഷൻ സിന്ദൂറിന്‍റെ പേരിൽ ബി.ജെ.പി വോട്ട് തേടുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. സിന്ദൂരത്തെ ബി.ജെ.പി തമാശയാക്കി മാറ്റുകയാണെന്നും എല്ലാ വീടുകളിലേക്കും സിന്ദൂരമയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യം ഒരു ഭർത്താവ്’ പദ്ധതിയാണോ ഇതെന്നും പഞ്ചാബ് മുഖ്യമന്ത്രി ചോദിച്ചു. ലുധിയാനയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ പരാമർശം.
“ഓപറേഷൻ സിന്ദൂറിന്‍റെ പേരിൽ വോട്ടുതേടാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. അവർ ‘സിന്ദൂര’ത്തെ തമാശയാക്കി മാറ്റി. എല്ലാ വീടുകളിലേക്കും അവർ സിന്ദൂരമയക്കുകയാണ്. മോദിയുടെ പേരിൽ നിങ്ങൾ സിന്ദൂരം അണിയുമോ? ‘ഒരു രാജ്യം ഒരു ഭർത്താവ്’ പദ്ധതിയാണോ ഇത്?” -മാധ്യമപ്രവർത്തകരോട് പ്രതികരിക്കവേ ഭഗവന്ത് മൻ ചോദിച്ചു.
നേരത്തെ സൈനിക ദൗത്യത്തിന് ഓപറേഷൻ ‘സിന്ദൂർ’ എന്ന പേര് നൽകിയതിന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിമർശനവുമായി രംഗത്തു വന്നിരുന്നു. പേര് നൽകിയത് രാഷ്ട്രീയ പ്രേരിതമായാണെന്നും, സൈനിക നീക്കത്തെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രി ആദ്യം ചായക്കടക്കാരൻ ആയിരുന്നുവെന്ന് പറഞ്ഞു. പിന്നീട് കാവൽക്കാരനെന്ന് വിശേഷിപ്പിച്ചു. ഇപ്പോൾ സിന്ദൂരം വിൽക്കാനാണ് നടക്കുന്നതെന്നും മമത വിമർശിച്ചു.
അതേസമയം ഓപറേഷൻ സിന്ദൂർ മോദി സർക്കാറിന്‍റെ വിജയമായി രാജ്യവ്യാപക പ്രചാരണം നടത്താൻ ബി.ജെ.പി നേതൃത്വം പാർട്ടി പ്രവർത്തകരോട് നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെ ബി.ജെ.പി വീടുകളിലേക്ക് സിന്ദൂരം അയക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യൻ സേന നടത്തിയ ദൗത്യമാണ് ഓപറേഷൻ സിന്ദൂർ. പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ സൈന്യം തകർത്തു. പഹൽഗാമിൽ 26 പേരെ ഭാര്യമാർക്കു മുന്നിൽവെച്ച് ഭീകരർ വെടിവെച്ച് കൊന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

