‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; ബില്ലിലെ വ്യവസ്ഥക്കെതിരെ മുൻ ചീഫ് ജസ്റ്റിസുമാർ
text_fieldsഡി.വൈ. ചന്ദ്രചൂഡ്, ജെ.എസ്. ഖേഹർ
ന്യൂഡൽഹി: പാർലമെന്റിലേക്കും രാജ്യത്തെ എല്ലാ നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താനായി മോദി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ഭരണഘടന ഭേദഗതി ബില്ലിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കടിഞ്ഞാണില്ലാത്ത അധികാരം നൽകിയതിനെ മുൻ ചീഫ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ജെ.എസ്. ഖേഹർ എന്നിവർ എതിർത്തു. ഈ ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതി(ജെ.പി.സി) വെള്ളിയാഴ്ച പാർലമെന്റ് അനക്സിൽ വിളിച്ചുചേർത്ത യോഗത്തിൽ നേരിട്ട് ഹാജരായാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്.
കമീഷന് അമിതാധികാരം നൽകുന്ന വ്യവസ്ഥകൾ ഒഴിവാക്കി അധികാരത്തിലെ സന്തുലിതത്വം ഉറപ്പുവരുത്തണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് നടത്തിപ്പിൽ ഒരു മേൽനോട്ട സംവിധാനം വേണം. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ബി.ജെ.പി അജണ്ട നടപ്പാക്കുന്നതിനെ ശക്തമായി പിന്തുണച്ച ഡി.വൈ. ചന്ദ്രചൂഡ് സദ്ഭരണത്തിന് ഇത് പ്രധാനമാണെന്ന് അഭിപ്രായപ്പെട്ടു.
ഒരു സർക്കാറിന് അഞ്ചു വർഷം എന്ന കാലയളവ് ഒരു കാരണവശാലും വെട്ടിച്ചുരുക്കരുതെന്നും ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. ഇതിനു മുമ്പ് മുൻ ചീഫ് ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയിയും യു.യു. ലളിതും സമിതിയുടെ ക്ഷണം സ്വീകരിച്ച് അഭിപ്രായങ്ങൾ അറിയിക്കാനെത്തിയിരുന്നു.
പാർലമെന്റിൽ കൊണ്ടുവന്ന 129ാം ഭരണഘടന ഭേദഗതി ബിൽ പരിശോധിക്കുന്നതിനാണ് മോദി സർക്കാർ ജെ.പി.സിയെ പ്രഖ്യാപിച്ചത്. ബി.ജെ.പി എം.പി പി.പി. ചൗധരി അധ്യക്ഷനായ സമിതിയിൽ തെരഞ്ഞെടുപ്പ് കമീഷന് അമിതാധികാരം നൽകിയ വ്യവസ്ഥ മാറ്റണമെന്ന തോന്നൽ സമിതിക്കുണ്ടായാൽ അത് ഭേദഗതി ചെയ്യണമെന്ന ശിപാർശ സമർപ്പിക്കുമെന്ന് സമിതി ചെയർമാൻ പി.പി. ചൗധരി പറഞ്ഞു.
ദേശതാൽപര്യത്തിന് അനുസൃതമായ ശിപാർശകളോടെയായിരിക്കും സമിതി റിപ്പോർട്ട് സമർപ്പിക്കുകയെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് രാഷ്ട്രനിർമാണത്തിന് അനിവാര്യമാണെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. എന്നാൽ, ബി.ജെ.പിയുടെ ഈ അജണ്ട ഭരണഘടനയുടെ അടിസ്ഥാന ഘടനക്കെതിരാണ് എന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

