ഒരാൾക്ക് ഒരേസമയം ആറ് സർക്കാർ ജോലി; തട്ടിപ്പിൽ വട്ടം കറങ്ങി പൊലീസ്, നഷ്ടമായത് 4.5 കോടി രൂപ
text_fieldsലഖ്നോ: ഒരാൾക്ക് ഒരേ സമയം ഒരേ വകുപ്പിൽ ഒരേ തസ്തികയിൽ ആറ് വ്യത്യസ്ത ജില്ലകളിൽ ജോലി ചെയ്യാൻ കഴിയുമോ? ഉത്തർപ്രദേശ് ആരോഗ്യ വകുപ്പിൽ എക്റേ ടെക്നീഷ്യനായ അർപിത് സിങ് കഴിഞ്ഞ ഒമ്പത് വർഷക്കാലം അങ്ങിനെയായിരുന്നു. യു.പി സർക്കാരിന്റെ മാനവ് സംപാദ പോർട്ടൽ അടുത്തിടെ നടത്തിയ ഓൺലൈൻ വെരിഫിക്കേഷനിലാണ് തട്ടിപ്പ് പുറത്തുവന്നത്.
സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഒരേ പേരിലും വിലാസത്തിലും ജനനത്തീയതിയിലും ആറ് ജീവനക്കാർ ജോലിചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു. എക്സ്-റേ ടെക്നീഷ്യൻ തസ്തികയിലാണ് തട്ടിപ്പ് നടന്നത്. ആറ് ജില്ലകളിൽ നിന്നും പ്രതിമാസം 69,595 രൂപ ശമ്പളം വ്യാജ ഉദ്യോഗസ്ഥർ കൈപ്പറ്റിയിരുന്നതായും കണ്ടെത്തി.
അധികൃതരുടെ പരാതിയിൽ തിങ്കളാഴ്ച വസീർഗഞ്ച് പോലീസ് സ്‌റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വ്യാജ ആധാർ കാർഡുകളും നിയമന ശിപാർശയുടെ കോപ്പികളും ഉപയോഗിച്ചാണ് തട്ടിപ്പുനടന്നതെന്നാണ് അധികൃതരുടെ നിഗമനം. ആരോഗ്യ വകുപ്പിൽ നിന്ന് തട്ടിപ്പുകാർ ശമ്പളയിനത്തിൽ ഏകദേശം 4.5 കോടി രൂപ ഇത്തരത്തിൽ തട്ടിയെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
2016ലാണ് യു.പി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ കമ്മീഷൻ (യു.പി.എസ്.എസ്.എസ്.സി) എക്സ്-റേ ടെക്നീഷ്യൻ തസ്തികകളിലേക്ക് 403 ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തത്. പട്ടികയിൽ സീരിയൽ നമ്പർ 80 ആയിരുന്നു ആഗ്ര സ്വദേശിയായ അർപിത് സിങ്. എന്നാൽ, കാലക്രമേണ, വ്യാജ ആധാർ വിവരങ്ങളും നിയമനക്കത്തും ഉപയോഗിച്ച് ആറ് ആർപിത് സിങുമാർ കൂടി മറ്റ് ജില്ലകളിൽ ജോലിയിൽ കയറി. വസീർഗഞ്ച് പോലീസ് സ്‌റ്റേഷനിൽ പാരാമെഡിക്കൽ വിഭാഗം ഡയറക്ടർ ഡോ.രഞ്ജന ഖരെ നൽകിയ പരാതിയിൽ ബൽറാംപൂർ, ഫറൂഖാബാദ്, ബന്ദ, രാംപൂർ, അംരോഹ, ഷാംലി എന്നിവിടങ്ങളിൽ ഇത്തരത്തിൽ നിയമനം നടന്നതായി ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, അന്വേഷണമാരംഭിച്ചതിന് പിന്നാലെ തട്ടിപ്പുകാർ മുങ്ങിയതോടെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. കേസിൽ പ്രധാന പ്രതി അർപിത് സിങിൻറെ ഫോൺ സ്വിച്ഡ് ഓഫാണ്. ഇയാളടക്കമുള്ളവർ താമസ സ്ഥലത്തുനിന്നും അപ്രത്യക്ഷരായിട്ടുണ്ട്. ആറ് ജില്ലകളിലെയും സർവീസ് ഫയലുകളും നിയമന കത്തുകളും ശേഖരിച്ചുവരികയാണെന്ന് ഡി.സി.പി (വെസ്റ്റ് സോൺ) വിശ്വജീത് ശ്രീവാസ്തവ പറഞ്ഞു. പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുമെന്നും ഡി.സി.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

