‘ഓരോ വീട്ടിലും ഒരു സർക്കാർ ജോലി’; ബിഹാർ ജനതക്ക് വമ്പൻ വാഗ്ദാനവുമായി തേജസ്വി യാദവ്
text_fieldsതേജസ്വി യാദവ്
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, വമ്പൻ വാഗ്ദാനവുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. തന്‍റെ പാർട്ടി അധികാരത്തിൽ എത്തിയാൽ സംസ്ഥാനത്തെ ഓരോ വീടുകളിലും ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്ന് തേജസ്വി ഉറപ്പ് നൽകി.
സർക്കാർ ജോലി ഉറപ്പാക്കുന്നതിന് അധികാരത്തിലെത്തി 20 ദിവസത്തിനുള്ളിൽ പുതിയ നിയമം നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരമേറ്റെടുത്ത് 20 മാസത്തിനുള്ളിൽ സംസ്ഥാനം പൂർണമായി പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങളുടെ സർക്കാർ അധികാരത്തിൽ എത്തിയാൽ സംസ്ഥാനത്തെ ഓരോ വീടുകളിലും ഒരാൾക്ക് സർക്കാർ ജോലി ഉറപ്പാക്കും. സർക്കാർ രൂപവത്കരിച്ച് 20 ദിവസത്തിനുള്ളിൽ അതിനുള്ള നിയമം നടപ്പാക്കും. 20 മാസത്തിനുള്ളിൽ സംസ്ഥാനത്ത് സർക്കാർ ജോലി ഇല്ലാത്ത ഒരു വീടുപോലും ഉണ്ടാകില്ല’ -തേജസ്വി പറഞ്ഞു. സംസ്ഥാനത്തെ 243 നിയമസഭാ സീറ്റുകളിലേക്ക് നവംബർ ആറ്, 11 തീയതികളിൽ രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 14ന് വോട്ടെണ്ണൽ നടക്കും.
അന്തിമ വോട്ടർ പട്ടിക പ്രകാരം സംസ്ഥാനത്ത് 7.42 കോടി വോട്ടർമാരാണുള്ളത്. വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന്‍റെ ഭാഗമായി 65 ലക്ഷം വോട്ടർമാരെ കരടു പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. അതേസമയം, തീവ്ര പരിഷ്‍കരണത്തിനിടെ (എസ്.ഐ.ആർ) പുതുതായി വെട്ടിമാറ്റിയ 3.66 ലക്ഷം പേരുടെ കാര്യത്തിൽ ആശയക്കുഴപ്പമുള്ളതിനാൽ പരിഹരിക്കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ആവശ്യപ്പെട്ടിരുന്നു.
അന്തിമ വോട്ടർപട്ടികയിൽ പുതുതായി ചേർത്ത വോട്ടർമാരിൽ നേരത്തേ കരട് പട്ടികയിൽനിന്ന് പുറന്തള്ളിയ 65 ലക്ഷം വോട്ടർമാരിൽപ്പെട്ടവർ ഉണ്ടോ എന്ന ആശയക്കുഴപ്പമുണ്ട്. എസ്.ഐ.ആർ തെരഞ്ഞെടുപ്പ് പ്രക്രിയയെ സഹായിക്കാനായതിനാൽ ജനങ്ങളുടെ ആത്മവിശ്വാസം കാത്തുസൂക്ഷിക്കണമെന്ന് ബാഗ്ചി തുടർന്നു. പേരു വെട്ടിമാറ്റപ്പെട്ട ഒരാൾ പോലും പരാതിപ്പെട്ടിട്ടില്ലെന്നും ഡൽഹിയിലുള്ള എൻ.ജി.ഒകൾക്കാണ് പ്രശ്നങ്ങളെന്നും തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞപ്പോൾ ഇടപെട്ട ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി സുപ്രീംകോടതിയിൽ വരുന്നത് ആരായാലും സുതാര്യതക്കുള്ള അവകാശങ്ങൾ തങ്ങൾ തുറന്നുവെക്കുന്നുവെന്ന് ഖണ്ഡിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

