ഒരു കുടുംബം; വോട്ട് പല ബൂത്തിൽ: ഫാമിലി ഗ്രൂപ്പിങ് നടത്തുമെന്ന് കമീഷൻ
text_fieldsതിരുവനന്തപുരം: എസ്.ഐ.ആറിന് സമാന്തരമായി ധൃതിപിടിച്ച് ബൂത്ത് പുനഃക്രമീകരണം നടന്നതോടെ ഒരു കുടുംബത്തിലെ വോട്ടർമാർ പല ബൂത്തുകളിലായി. ഒരേ ബൂത്തിൽ തന്നെ കുടുംബാംഗങ്ങൾ പലയിടത്തായ കേസുകളുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഓരോ ബൂത്തിലെയും വോട്ടർമാരുടെ എണ്ണം 1100 നും 1150 നും മധ്യേ നിജപ്പെടുത്തിയതോടെയാണ് ഇത്. ഭൂമിശാസ്ത്രപരമായ അതിർത്തി നോക്കാതെ വോട്ടർമാരുടെ എണ്ണം കണക്കാക്കിയതും കാരണമായി. അതേസമയം, ഇത് പരിഹരിക്കാൻ ഇടപെടുമെന്നും ഫാമിലി ഗ്രൂപ്പിങ് നടത്തി അന്തിമ പട്ടികക്ക് മുൻപ് പ്രശ്നം പരിഹരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ പറഞ്ഞു.
സംസ്ഥാനത്തെ 70 ശതമാനം ബൂത്തുകളിലും 1200-1500 എന്ന നിലയിലായിരുന്നു നേരത്തെ വോട്ടർമാർ. ഇത് 1150 ൽ താഴെയാക്കാനാണ് ബൂത്ത് പുനഃക്രമീകരണം നടന്നത്. ഇതോടെ 5,030 ബൂത്തുകൾ പുതുതായി വന്നു. അതേസമയം, 1150ൽ അധികം വരുന്ന വോട്ടർമാരെ പുതിയ ബൂത്തിലേക്ക് മാറ്റാൻ കൃത്യമായ നിർദേശമുണ്ടായിരുന്നെങ്കിലും പാലിക്കാത്തതാണ് വോട്ടർമാർ ചിതറിപ്പോകാൻ കാരണം. വോട്ടറുടെ താമസസ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റർ പരിധിയിലാകണം പുതിയ ബൂത്ത്. മാറ്റുമ്പോൾ ഒരു കുടുംബത്തിൽ എത്ര അംഗങ്ങളുണ്ടെങ്കിലും ഇവർ എല്ലാവരും ഒരു ബൂത്തിൽ തന്നെയാകണമെന്നും നിർദേശിച്ചിരുന്നു.
ഒരു ബൂത്തിൽ അധികമുള്ള 200 പേരെ മറ്റൊന്നിലേക്ക് മാറ്റാൻ ആദ്യം പരിഗണിച്ചത് ഈ ബൂത്ത് ഉൾക്കൊള്ളുന്ന കേന്ദ്രത്തിലെ മറ്റ് ബൂത്തുകളിൽ ഒഴിവുണ്ടോ എന്നതായിരുന്നു. അല്ലാത്തപക്ഷം രണ്ട് കിലോമീറ്റർ പരിധിയിലെ ബൂത്തുകൾ പരിഗണിച്ചു. അതിനും വഴിയില്ലാത്ത സ്ഥലങ്ങളിലാണ് തൊട്ടടുത്ത ബൂത്തുകളിൽ നിന്ന് അധികമായവരെ ഉൾപ്പെടുത്തി പുതിയ ബൂത്ത് രൂപവത്കരിച്ചത്. ഫലത്തിൽ, ഒരു വില്ലേജ്/ പഞ്ചായത്ത് പരിധിയിൽ ചുരുങ്ങിയത് അഞ്ചുവരെ പുതിയ ബൂത്തുകളാണ് സൃഷ്ടിക്കപ്പെട്ടത്.
എസ്.ഐ.ആർ: രേഖയുള്ളവരുടെ ഹിയറിങ് ഒഴിവാക്കണമെന്ന് പാർട്ടികൾ
തിരുവനന്തപുരം: മാപ്പിങ് ചെയ്യാനാകാത്തവരിലെ രേഖകൾ കൈവശമുള്ളവരുടെ കാര്യത്തിൽ ഹിയറിങ് ഒഴിവാക്കണമെന്ന് രാഷ്ട്രീയപാർട്ടി പ്രതിനിധികൾ. എന്നാൽ, ഇക്കാര്യം തീരുമാനിക്കേണ്ടത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ (ഇ.ആർ.ഒ)മാരാണെന്നും ഇത് നിയമപരമായ അവരുടെ അധികാരമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ (സി.ഇ.ഒ) വ്യക്തമാക്കി.
അതേ സമയം, ബൂത്ത് തലത്തിന് പുറമേ ജില്ല തലത്തിലും നിയോജക മണ്ഡല തലത്തിലും ബി.എൽ.എ മാതൃകയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ നിയോഗിക്കണമെന്ന ആവശ്യം അംഗീകരിച്ചു. ജില്ല തലത്തിൽ ‘ബി.എൽ.എ-ഒന്ന്’ എന്ന പേരിലും ബൂത്ത് തലത്തിൽ ‘ബി.എൽ.എ’ -രണ്ട് എന്ന പേരിലും നിയോജകമണ്ഡലാടിസ്ഥാനത്തിൽ ‘ബി.എൽ.എ-മൂന്ന്’ എന്ന പേരിലുമാകും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ നിയോഗിക്കുക. സി.പി.എം പ്രതിനിധി എം.വിജയകുമാറാണ് സി.ഇ.ഒ വിളിച്ച രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചത്.
അയ്യപ്പൻ മരിച്ചിട്ടില്ല; ഇവിടുണ്ട്..
കണ്ടെത്താനാകാത്തവരുടെ പട്ടികയിൽ മരിച്ചെന്ന് രേഖപ്പെടുത്തിയ പലരും ജീവിച്ചിരിപ്പുണ്ടെന്ന് കോൺഗ്രസ് പ്രതിനിധി എം.കെ റഹ്മാൻ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ 67കാരൻ അയ്യപ്പന്റെ വിവരം തന്റെ കൈവശമുണ്ട്. ഇത്തരത്തിലുള്ളവരുടെ കാര്യത്തിൽ ഫോം 6 വാങ്ങിക്കാതെ ആവശ്യമായ പരിശോധന നടത്തി പട്ടികയിൽ ഉൾപ്പെടുത്തണം.
മാപ്പ് ചെയ്യാനാകാത്തവരുടെ പട്ടിക അസംബ്ലി മണ്ഡലാടിസ്ഥാനത്തിൽ നൽകണം. പുന:ക്രമീകരണത്തിലൂടെ പുതുതായി വന്ന 5000 പുതിയ ബൂത്തുകളുടെ വിവരം വെബ്സൈറ്റിലില്ല. സമർപ്പിക്കേണ്ട തിരിച്ചറിയൽ രേഖകളിൽ എട്ടാമത്തേത് ജാതി സർട്ടിഫിക്കറ്റാണ്. ജാതിയുടെ പേരിൽ പൗരത്വം നൽകുന്നത് അംഗീകരിക്കാനാവില്ല- അദ്ദേഹം പറഞ്ഞു. ഇക്കാര്യം ലീഗ് പ്രതിനിധി അഡ്വ. കെ.എസ്.എ ഹലീമും ഉന്നയിച്ചു. രാജ്യത്ത് ഒരു പൗരന് ജാതിയുടെ പേരിലല്ല വോട്ടവകാശം നൽകുന്നത്. അതുകൊണ്ട് ജാതിയുടെ പേരിൽ വോട്ടവകാശം നൽകാനുള്ള നിർദേശം പിൻവലിക്കണമെന്നും അത് മറ്റു ചില തെറ്റിദ്ധാരണകൾക്ക് ഇടവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പന്റെ രേഖകളും അദ്ദേഹം കമീഷന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

