ആറ് തലമുറ, 83 അംഗങ്ങൾ, ഒരു അടുക്കള... പരസ്പരം പങ്കിടലാണ് ഈ കുടുംബം
text_fieldsഅമരാവതി: ആറ് തലമുറയിലെ 83 അംഗങ്ങൾ എന്നും ഒരേ അടുക്കളയിൽ നിന്ന് ഭക്ഷണവും സ്നേഹവും പങ്കിടുന്നു. പിണക്കങ്ങൾ ഒരു പകലിനപ്പുറം കടക്കാത്ത സ്നേഹമതിൽ പണിത് കാരണവന്മാർ ചേർത്തുപിടിക്കുന്നു. അണുകുടുംബങ്ങൾ മാത്രം കാണപ്പെടുന്ന ഈ കാലത്ത്, ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലെ കുർലപ്പള്ളി ഗ്രാമത്തിലെ നാഗപ്പ കുടുംബത്തിൽ നിന്നാണ് ഈ അപൂർവ ചിത്രം.
ആറ് തലമുറയിലെ മക്കളും മരുമക്കളും തൊട്ടടുത്തായുള്ള നാല് വീടുകളിലായാണ് താമസിക്കുന്നത്. ഒരൊറ്റ കുടുംബമായി മുന്നോട്ടുനീങ്ങുന്ന ഈ കുടുംബത്തിൽ എല്ലാവർക്കും ഭക്ഷണം ഒരു അടുക്കളയിൽ നിന്നാണ്. ഒന്നിച്ച് പാകം ചെയ്ത് പങ്കിട്ട് കഴിക്കും.
ഹനുമന്തരായഡു, മുത്യാലപ്പ എന്നിവരാണ് കുടുംബത്തെ നയിക്കുന്നത്. ആറ് അമ്മായിയമ്മമാരും 14 മരുമക്കളും 20 കുട്ടികളും അടങ്ങുന്നതാണ് കുടുംബം. കൃത്യമായ ഷെഡ്യൂൾ പിന്തുടർന്നാണ് കുടുംബം മുന്നോട്ടുനീങ്ങുന്നത്. എല്ലാ ദിവസവും രാവിലെ മുതിർന്നവർ കോഫി കുടിക്കുമ്പോൾ ഒത്തുകൂടി ആ ദിവസത്തെ കാര്യങ്ങൾ ആസൂത്രണം ചെയ്യും. അവർ ഗാർഹിക ജോലികൾ അതാത് കക്ഷികളെ ഏൽപ്പിക്കുകയും മെനു തീരുമാനിക്കുകയും കൃഷിപ്പണികളും വീട്ടുജോലികളും വിഭജിച്ചു നൽകുകയും ചെയ്യുന്നു. മറ്റു ചിലർ ഭക്ഷണം പാകം ചെയ്യാനും വീട് പരിപാലിക്കാനും അവിടെത്തന്നെ തുടരുന്നു.
കൃഷിയാണ് കുടുംബത്തിന്റെ പ്രധാന വരുമാനമാർഗം. കല്യാണദുർഗത്തിനും കർണാടകയുടെ വിവിധ ഭാഗങ്ങൾക്കുമിടയിൽ സർവീസ് നടത്തുന്ന നാല് ബസ്സുകളും ഈ കുടുംബം ഓടിക്കുന്നുണ്ട്. കൃഷിയിൽ നിന്നും ഗതാഗത ബിസിനസ്സിൽ നിന്നുമുള്ള വരുമാനം ഒന്നിച്ചാക്കി മാനേജ് ചെയ്യുന്നത് കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത വർദ്ധിപ്പിക്കുന്നു. പരസ്പര ബഹുമാനം, സഹകരണം, പങ്കുവെക്കപ്പെട്ട കുടുംബമൂല്യങ്ങൾ എന്നിവയാണ് ആറ് തലമുറകളെ ഒരുമിച്ച് ഐക്യത്തോടെ ജീവിക്കാൻ സഹായിക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു. പൊതുചെലവുകളിലേക്ക് സംഭാവന ചെയ്തും കൂട്ടായ തീരുമാനങ്ങൾ എടുത്തും ഉത്തരവാദിത്തങ്ങളിൽ പരസ്പരം സഹായിച്ചും കൂട്ടുകുടുംബ പാരമ്പര്യം കാത്തുസൂക്ഷിക്കുകയാണ് ഈ കുടുംബത്തിലെ ഓരോ അംഗങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

