‘മിനി തിരുപ്പതി’ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ ഏകാദശി ആഘോഷത്തിനിടെ തിക്കിലും തിരക്കിലും 10 മരണം, നിരവധി പേർക്ക് പരിക്ക്
text_fieldsശ്രീകുളം(ആന്ധ്രാപ്രദേശ്): മിനി തിരുപ്പതി എന്നറിയപ്പെടുന്ന കാസിബുഗ്ഗയിലെ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ ഏകാദശി ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 10 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടു.
ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ഒരുകവാടം മാത്രമാണ് ഒരുക്കിയിരുന്നത്. ഇത് തിക്കും തിരക്കും വര്‍ധിക്കാന്‍ കാരണമായതായാണ് പ്രാഥമിക നിഗമനം. 15,000 ആളുകളോളം സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നു. തിക്കും തിരക്കും രൂക്ഷമായതിന് പിന്നാലെ, ക്ഷേത്രത്തിലേക്ക് ആളുകൾ നടന്നുകയറിയിരുന്ന പടിക്കെട്ടുകൾ തകർന്നുവീഴുകയായിരുന്നു. പടിക്കെട്ടിന് ഇരുവശമുണ്ടായിരുന്ന ആളുകളും പിന്നാലെ താഴേക്ക് പതിച്ചു. ഇത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.
ഭക്തരായ സ്ത്രീകളെ കൊണ്ടുവരാന്‍ ഒരു സൗജന്യ ബസ് സംവിധാനം ഏര്‍പ്പെടുത്തിയതും തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടായിരം മുതല്‍ മൂവായിരം വരെ പേരെ ഉള്‍ക്കൊള്ളാൻ കഴിയുന്ന ക്ഷേത്രത്തിലേക്ക് ഏകാദശി ദിവസം25,000 പേരോളമാണ് എത്തിയത്. എന്നാല്‍, ഈ ആള്‍ക്കൂട്ടത്തെ കൈകാര്യം ചെയ്യാന്‍ വേണ്ട മുന്നൊരുക്കങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് വിവരം.
സ്വകാര്യ ക്ഷേത്രം സംസ്ഥാന എന്‍ഡോവ്മെന്റ് വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതല്ല. പരിപാടിയുടെ സംഘാടകര്‍ പ്രാദേശിക ഭരണകൂടത്തിന്റെ ഔദ്യോഗിക അനുമതികളൊന്നും തേടിയിരുന്നില്ല. ക്ഷേത്രകവാടം തുറന്നതിന് പിന്നാലെ ആൾക്കുട്ടം അകത്തുകടക്കാൻ തിക്കിത്തിരക്കിയതാണ് അപകടകാരണമെന്നും ആന്ധ്ര സർക്കാർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു,പ്രധാനമന്ത്രി നരേന്ദ്രമോദി, അഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ അപകടത്തിൽ അനുശോചിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ ആന്ധ്രാപ്രദേശ് മന്ത്രി നാരാ ലോകേഷ്, ഇരകള്‍ക്ക് കഴിയുന്നതും വേഗം സഹായം എത്തിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി സംഭവത്തില്‍ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. ആവര്‍ത്തിച്ചുള്ള ദുരന്തങ്ങള്‍ ഉണ്ടായിട്ടും ശരിയായ മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും തികഞ്ഞ അനാസ്ഥയാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

