2029 മുതൽ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച്
text_fieldsന്യൂഡൽഹി: 2029 മുതൽ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെന്ന ശിപാർശ അടങ്ങുന്ന റിപ്പോർട്ട് കേന്ദ്ര സർക്കാർ നിയോഗിച്ച രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി രാഷ്ട്രപതി ദ്രൗപദി മുർമുവിന് സമർപ്പിച്ചു. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ബി.ജെ.പി അജണ്ട പഠിക്കാനുള്ള കേന്ദ്ര സമിതി അംഗങ്ങളായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര നിയമ മന്ത്രി അർജുൻ സിങ് മേഘ്വാൾ തുടങ്ങിയവർ രാഷ്ട്രപതി ഭവനിലെത്തിയാണ് 18,000 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത്.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞ് 100 ദിവസത്തിനകം രാജ്യത്തുടനീളം ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് നടത്തണമെന്ന് സമിതി ശിപാർശ ചെയ്തു. ആർക്കും ഭൂരിപക്ഷമില്ലാതെ തൂക്കുസഭ വന്നാൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സമിതി നിർദേശം. ലോക്സഭ, നിയമസഭ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾക്കായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുമായി സഹകരിച്ച് കേന്ദ്ര കമീഷൻ രാജ്യമൊട്ടുക്കും ഒരു വോട്ടർപട്ടികയുണ്ടാക്കണം. സമിതിയെ 47 രാഷ്ട്രീയ പാർട്ടികൾ അഭിപ്രായമറിയിച്ചതിൽ 32 എണ്ണവും അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും 15 പാർട്ടികൾ എതിർപ്പ് പ്രകടിപ്പിച്ചുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചാൽ ഒന്നിലേറെ ഭരണഘടന ഭേദഗതികൾ ആവശ്യമായി വരും. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയാലും ചുരുങ്ങിയത് 15 സംസ്ഥാന നിയമസഭകൾ അംഗീകാരം നൽകുകയും വേണം.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് ‘ഭാരത്’ എന്ന ഇന്ത്യയുടെ സങ്കൽപത്തിന്റെ ചോദനകൾ യാഥാർഥ്യമാക്കുമെന്നും വോട്ടർമാർക്ക് ആത്മവിശ്വാസമുണ്ടാക്കുമെന്നും രാഷ്ട്രീയ പ്രക്രിയയിലും ഭരണത്തിലും മാറ്റം കൊണ്ടുവരുമെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

