അന്ന് ഇ.വി.എമ്മിന് കാവൽ സി.എ.പി.എഫ്, ഇന്ന് സേനയ്ക്ക് കാവൽ നിൽക്കേണ്ട ഗതികേടെന്ന് മഹുവ മൊയ്ത്ര
text_fieldsകൊൽക്കത്ത: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ വിശ്വാസ്യത തകരുന്നതിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. മുൻകാലങ്ങളിൽ വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടിങ് യന്ത്രങ്ങൾ (ഇ.വി.എമ്മുകൾ) സ്ട്രോങ്ങ് റൂമുകളിൽ എത്തിച്ചാൽ കേന്ദ്ര സായുധ പൊലീസ് സേന ആയിരുന്നു അവയ്ക്ക് കാവൽ നിന്നിരുന്നതെന്ന് അവർ ഓർമിപ്പിച്ചു. എന്നാൽ ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുകയാണെന്നും വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ കാവൽ നിൽക്കുന്ന കേന്ദ്ര സേനയ്ക്ക് മുന്നിൽ കാവലിരിക്കേണ്ട ഗതികേടാണെന്നും അവർ പരിഹസിച്ചു.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വ്യാപകമായി ഇ.വി.എമ്മുകൾ തകരാറിലായതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മഹുവ മൊയ്ത്ര. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനങ്ങളിൽ നിഷ്പക്ഷത നഷ്ടപ്പെടുന്നു എന്ന ആരോപണം ശരിവെക്കുന്ന രീതിയിലാണ് മഹുവയുടെ പ്രതികരണം. പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിൽ കാണിച്ച ആവേശത്തിന്റെ പകുതിയെങ്കിലും വോട്ടിങ് യന്ത്രങ്ങൾ പിഴവില്ലാതെ പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്താൻ കമീഷൻ കാണിക്കണമായിരുന്നുവെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രി മമത ബാനർജിയും സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാം ഉൾപ്പെടെയുള്ള നിർണ്ണായക മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കവെയാണ് വോട്ടിങ് യന്ത്രങ്ങളിലെ കൃത്രിമത്വത്തെയും സുരക്ഷാ വീഴ്ചയെയും കുറിച്ചുള്ള തൃണമൂൽ എം.പിയുടെ തുറന്നടി. നൂറ്റമ്പതിലധികം യന്ത്രങ്ങൾ തകരാറിലായതായി നേരത്തെ അവർ ആരോപിച്ചിരുന്നു.
പശ്ചിമ ബംഗാളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ജീവനക്കാരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും മാത്രം സൂപ്പർവൈസർമാരായി നിയമിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്‍റെ തീരുമാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കമീഷൻ നടപടി ശരിവെച്ച കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെയാണ് തൃണമൂൽ അപ്പീൽ നൽകിയത്. മെയ് നാലിന് വോട്ടെണ്ണൽ നടക്കാനിരിക്കെ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ശനിയാഴ്ച ഹരജിയിൽ അടിയന്തര വാദം കേൾക്കും.
സംസ്ഥാന സർക്കാർ ജീവനക്കാരെ വോട്ടെണ്ണൽ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുന്നത് വിവേചനപരമാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ മുഴുവൻ സംസ്ഥാന ജീവനക്കാരെ ഉപയോഗിച്ച് നടത്തിയ ശേഷം വോട്ടെണ്ണൽ വേളയിൽ അവരെ മാറ്റിനിർത്തുന്നത് എന്തിനാണെന്ന് തൃണമൂൽ പ്രതിനിധി സീനിയർ അഭിഭാഷകൻ കല്യാൺ ബാനർജി ചോദിച്ചു. എന്നാൽ, കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇതേ രീതി പിന്തുടരുന്നുണ്ടെന്നും സാഹചര്യത്തിനനുസരിച്ച് സൂപ്പർവൈസർമാരെ നിശ്ചയിക്കുന്നത് കമീഷന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നുമാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാട്. കൗണ്ടിങ് സൂപ്പർവൈസർമാരെയും അസിസ്റ്റന്റുമാരെയും നിയമിക്കുന്നത് കമീഷന്റെ പ്രത്യേക അവകാശമാണെന്നും ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വോട്ടെണ്ണൽ സമയത്ത് എന്തെങ്കിലും ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടാൽ തെരഞ്ഞെടുപ്പ് ഹരജിയിലൂടെ ചോദ്യം ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് തൃണമൂൽ ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം തന്റെ മണ്ഡലമായ ഭബാനിപുരിലെ സഖാവത് മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂളിൽ മമത നേരിട്ടെത്തിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. ഇ.വി.എമ്മുകളിൽ ഇടപെടൽ നടക്കുന്നുവെന്ന വിവരത്തെത്തുടർന്നാണ് എത്തിയതെന്ന് മമത പറഞ്ഞു. കേന്ദ്രസേന ആദ്യം തടഞ്ഞെങ്കിലും പിന്നീട് റിട്ടേണിങ് ഓഫീസറുടെ അനുമതിയോടെ അവർ ഉള്ളിൽ പ്രവേശിച്ചു. അർധരാത്രി വരെ മമത സ്കൂളിൽ തുടർന്നു. പുറത്ത് ടി.എം.സി–ബി.ജെ.പി പ്രവർത്തകർ തടിച്ചുകൂടിയത് കനത്ത സംഘർഷാവസ്ഥ സൃഷ്ടിച്ചു. 'ഇ.വി.എമ്മുകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഇടപെടൽ നടക്കുന്നതായി ഞങ്ങൾക്ക് റിപ്പോർട്ടുകൾ ലഭിച്ചു. അതിനാലാണ് ഞാൻ നേരിട്ട് പരിശോധിക്കാൻ എത്തിയിരിക്കുന്നത്. ഞാൻ ഇവിടെ എത്തിയപ്പോൾ കേന്ദ്ര സേന എന്നെ അകത്തുകടക്കാൻ അനുവദിച്ചില്ല. എന്നാൽ നിയമപ്രകാരം സ്ഥാനാർത്ഥിക്കും തെരഞ്ഞെടുപ്പ് ഏജന്റിനും സീൽ ചെയ്ത മുറിക്ക് പുറത്ത് വരെ പോകാൻ അനുമതിയുണ്ട്. പിന്നീട് റിട്ടേണിങ് ഓഫീസറുടെ അനുമതി വാങ്ങി ഞാൻ അകത്ത് പ്രവേശിച്ചു.' മമത ബാനർജി പറഞ്ഞു. ഇ.വി.എം വോട്ടുകൾ ആരെങ്കിലും കവർച്ച ചെയ്യാൻ ശ്രമിച്ചാൽ അവസാന ശ്വാസം വരെ പോരാടും. ഏതോ ഒരു സൂപ്പർ പവർ തിരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുകയും ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നുവെന്നും മമത ആരോപിച്ചു. പോളിങ് ഏജന്റുമാർ ജാഗ്രത പാലിക്കണമെന്നും എന്നാൽ കലഹത്തിന് മുതിരരുതെന്നും അവർ നിർദ്ദേശിച്ചു. അതേസമയം, പോസ്റ്റൽ ബാലറ്റുകൾ വേർതിരിക്കുന്നത് പൂർണ്ണമായും സുരക്ഷിതമായ രീതിയിലാണെന്നും അനാവശ്യ ഭീതി പടർത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും തെരഞ്ഞെടുപ്പ് ഓഫീസർ സ്മിത പാണ്ഡെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

