ബംഗളൂരു: ഒാണക്കാലത്ത് കേരളത്തിൽനിന്ന് ബംഗളൂരുവിലേക്കും തിരിച്ച് കേരളത്തിലേക്കും കേരള ആർ.ടി.സി ആരംഭിച്ച സ്പെഷ്യൽ ബസ് സർവീസ് വീണ്ടും നീട്ടി. സെപ്റ്റംബർ 20 വരെയാണ് ബസ് സർവീസ് നീട്ടിയത്. ഒാൺലൈൻ റിസർവേഷനും ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 19വരെ കേരളത്തിൽനിന്നും ബംഗളൂരുവിലേക്കും സെപ്റ്റംബർ 20വരെ ബംഗളൂരുവിൽനിന്നും കേരളത്തിലേക്കും കേരള ആർ.ടി.സിയുടെ ബസ് സർവീസുണ്ടാകും.
നേരത്തെ ഒാണം സ്പെഷ്യൽ സർവീസ് സെപ്റ്റംബർ 14വരെയാണ് നീട്ടിയിരുന്നത്. അന്തർ സംസ്ഥാന ബസ് സർവീസ് തുടരണമെന്ന് കർണാടക ആർ.ടി.സി ഉൾപ്പെടെ കേരളത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് 20വരെ സർവീസ് ദീർഘിപ്പിക്കാൻ ധാരണയായത്. കേരളത്തിൽ ക്വാറൻറീൻ നിബന്ധനകൾ ഇപ്പോഴും തുടരുന്നതിനാൽ നാട്ടിലേക്കുള്ള യാത്രക്കാർ താരതമേന്യ കുറവാണ്. എങ്കിലും ബുക്കിങ് അനുസരിച്ചാണ് ഷെഡ്യൂളുകൾ ഒാപറേറ്റ് ചെയ്യുന്നത്.
കേരളത്തിൽനിന്നും ബംഗളൂരുവിലേക്കുള്ള ബസുകളിലാണ് കൂടുതൽ യാത്രക്കാരുള്ളത്. കേരളം സെപ്റ്റംബർ 20വരെ സർവീസ് നീട്ടിയതോടെ സമാനമായ രീതിയിൽ കർണാടക ആർ.ടി.സിയുടെ സ്പെഷ്യൽ സർവീസുകളും നീട്ടിയേക്കും.