യാത്രക്കാരെ പരിഗണിക്കണം; പാകിസ്താനോട് ശ്രീനഗർ-ഷാർജ വിമാനപാത അനുവദിക്കാൻ ആവശ്യപ്പെട്ട് ഇന്ത്യ
text_fieldsന്യൂഡൽഹി: ശ്രീനഗർ-ഷാർജ വിമാനത്തിന് വ്യോമപാത അനുവദിക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ പരിഗണിച്ച് വ്യോമപാത വിലക്കിയ നടപടി പിൻവലിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
ആഭ്യന്തര മന്ത്രി അമിത് ഷാ ഈയിടെ നടത്തിയ ജമ്മു-കശ്മീർ സന്ദർശനത്തിലാണ് സർവീസ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ മാസം 23നാണ് ഗോ ഫസ്റ്റ് (നേരത്തെ ഗോ എയർ) ജി 8 1595 ശ്രീനഗർ-ഷാർജ വിമാന സർവിസ് തുടങ്ങിയത്. തുടർന്ന് 24, 26, 28 തീയതികളിലും വിമാനം പാകിസ്താെൻറ വ്യോമാതിർത്തിയിലൂടെയാണ് പറന്നത്.
എന്നാൽ, ഒക്ടോബർ 30 മുതൽ ഒരു മാസത്തേക്കാണ് പാകിസ്താൻ വ്യോമപാത വിലക്കിയത്. സർവിസ് മുടങ്ങിയിട്ടില്ല. പാകിസ്താൻ വ്യോമ പാത നിഷേധിച്ചതോടെ 45 മിനിറ്റ് കൂടുതല്‍ പറന്ന്, ഗുജറാത്ത് വഴിയാണ് ഇപ്പോള്‍ ഗോ ഫസ്റ്റ് വിമാനം ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്നത്. ഇത് ഇന്ധനച്ചെലവും ടിക്കറ്റു നിരക്കും ഉയർത്തും. എങ്കിലും തൽക്കാലം സർവിസ് തുടരുമെന്നാണ് ഗോ ഫസ്റ്റ് തീരുമാനിച്ചിട്ടുള്ളത്.
നയതന്ത്ര വഴിയിലൂടെ പ്രശ്നം പരിഹരിക്കപ്പെടും എന്ന വിശ്വാസത്തിലാണ് ഗോ ഫസ്റ്റ് എയര്‍.
2009ൽ തുടങ്ങിയ ശ്രീനഗർ-ദുബൈ വിമാന സർവിസ് റൂട്ടു മാറ്റി പോകേണ്ടി വന്നതിനാൽ പിന്നീട് നിലച്ചു പോയിരുന്നു. അടിസ്ഥാന സാഹചര്യങ്ങൾ നടത്താതെ ശ്രീനഗർ-ഷാർജ വിമാന സർവിസിന് അനുമതി നൽകിയത് കേന്ദ്രത്തിെൻറ പരസ്യപ്രചാരണ തട്ടിപ്പു മാത്രമായിരുന്നുവെന്ന് പി.ഡി.പി നേതാവും മുൻമുഖ്യമന്ത്രിയുമായ മഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി. നിർഭാഗ്യകരമായെന്ന് നാഷനൽ കോൺഫറൻസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ലയും പ്രതികരിച്ചു.
സാങ്കേതിക വിവരങ്ങളുടെ പോരായ്മയാണ് വിമാന വിലക്കിനു കാരണമെന്ന് പാക് വിദേശകാര്യ വക്താവ് ആസിം ഇഫ്തിഖാർ അഹ്മദ് പറഞ്ഞു. കശ്മീർ പ്രശ്നം യു.എൻ രക്ഷാസമിതി മുമ്പാകെ പരിഹരിക്കാത്ത വിഷയമായി തുടരുന്നതും കാരണമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

