ഡൽഹിയിൽ കോവിഡ് ഒമിക്രോൺ വകഭേദത്തിന്‍റെ സമൂഹവ്യാപനം നടന്നെന്ന് സംശയം
text_fieldsന്യൂഡൽഹി: ഡൽഹിയിലെ കോവിഡ് ഒമിക്രോൺ വകഭേദത്തിന്‍റെ സമൂഹവ്യാപനം നടന്നുവെന്ന് സൂചന. ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനാണ് ഇതുസംബന്ധിച്ച ആശങ്ക പങ്കുവെച്ചത്. വിദേശയാത്ര ചരിത്രമില്ലാത്തയാൾക്ക് ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്‍റെയർഥം കോവിഡ് ഒമിക്രോൺ വകഭേദം പതുക്കെ സമൂഹത്തിലേക്ക് വ്യാപിക്കുന്നുവെന്നാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ഡൽഹിയിലെ കോവിഡ് കേസുകളിൽ 46 ശതമാനവും ഒമിക്രോൺ വകഭേദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യതലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്.ബുധനാഴ്ച 923 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. മേയ് 30ന് ശേഷം ഏറ്റവും കൂടുതൽ പേർക്ക് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസമാണ്.
രോഗികളുടെ എണ്ണം ഉയർന്നതോടെ യെല്ലോ അലേർട്ട് പ്രകാരമുള്ള നിയന്ത്രണങ്ങൾ തുടരാനും ഡൽഹി സർക്കാർ തീരുമാനിച്ചിരുന്നു. ആറ് മാസത്തിന് ശേഷം ഡൽഹിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനം കടക്കുകയും ചെയ്തിരുന്നു. ഡിസംബർ 20നാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.29 ശതമാനത്തിലെത്തിയത്. ഡൽഹിയിൽ 238 ഒമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

