
ഒമിക്രോൺ: കർണാടകയിൽ 28 മുതൽ രാത്രികാല കർഫ്യൂ, അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കും
text_fieldsബംഗളൂരു: കർണാടകയിൽ ചൊവ്വാഴ്ച മുതൽ 10 ദിവസത്തേക്ക് രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ ഞായറാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
പുതുവത്സര ആഘോഷത്തിനായി പൊതുവിടങ്ങളിൽ ആളുകൾ കൂടുന്നത് നിരോധിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. കെ. സുധാകർ അറിയിച്ചു. പൊതുഗതാഗത സംവിധാനവും ചരക്കുനീക്കവും പതിവുപോലെ നടക്കും. മറ്റു പ്രവർത്തനങ്ങൾക്ക് രാത്രി 10 മുതൽ നിയന്ത്രണമേർപ്പെടുത്തി.
ജനുവരി ഏഴുവരെയുള്ള നിയന്ത്രണങ്ങൾ വിലയിരുത്തിയ ശേഷം തുടർനടപടി സംബന്ധിച്ച് തീരുമാനിക്കും. ചൊവ്വാഴ്ച മുതൽ ജനുവരി രണ്ടുവരെ ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും പബ്ബുകളിലും ക്ലബ്ബുകളിലും 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനേ അനുമതിയുള്ളൂ.
വിവാഹം, യോഗങ്ങൾ, സമ്മേളനങ്ങൾ തുടങ്ങിയവക്ക് ചൊവ്വാഴ്ച മുതൽ പരമാവധി 300 പേരെ പങ്കെടുപ്പിക്കാം. ബംഗളൂരുവിലടക്കം പുതുവത്സരാഘോഷത്തിനും നിയന്ത്രണമുണ്ട്.
കർഫ്യൂ സമയത്ത് രോഗികൾക്കും കൂടെയുള്ളവർക്കും യാത്ര ചെയ്യാം. രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർക്കും യാത്ര തടസ്സം നേരിടില്ലെന്ന് അധികൃതർ അറിയിച്ചു.
ടെലികോം, ഇൻറർനെറ്റ് സേവന ദാതാക്കൾ, ഐ.ടി^ഐ.ടി ഇതര ജോലിക്കാർ, മെഡിക്കൽ വിഭാഗം, മറ്റു അവശ്യ സർവിസുകൾ എന്നിവർക്ക് കർഫ്യൂവിൽ ഇളവുണ്ട്. ഇ-കോമേഴ്സ് സേവനദാതാക്കളുടെ വിതരണ വാഹനത്തിനും തടസ്സം നേരിടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
