ഒമിക്രോണിൽ മരണസാധ്യത കുറവ്; മൂന്നാം തരംഗത്തിനായി ഇന്ത്യ തയാറെടുക്കണം
text_fieldsഹൈദരാബാദ്: ഒമിക്രോണിനെ കുറിച്ച് ലോാകരാജ്യങ്ങൾ കൂടുതൽ വിവരങ്ങൾ തേടുന്നതിനിടെ കോവിഡിന്‍റെ മൂന്നാം തരംഗം നേരിടാൻ ഇന്ത്യ തയാറെടുക്കണമെന്ന് ആരോഗ്യവിദഗ്ധർ. ഒമിക്രോണിൽ മരണസാധ്യത കുറവാണെന്നും ബിബിനഗറിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.വികാസ് ഭാട്ടിയ പറഞ്ഞു.
ഈ ഘട്ടത്തിൽ ഒമിക്രോണിനെ കുറിച്ച് ഒന്നും പറയാനാവില്ല. 30ഓളം രാജ്യങ്ങളിൽ ഒന്നോ രണ്ടോ പേർക്ക് മാത്രമാണ് ഇപ്പോൾ ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഈ ഘട്ടത്തിൽ കോവിഡിന്‍റെ മൂന്നാം തരംഗത്തിനെതിരായി ഇന്ത്യ മുൻകരുതലെടുക്കണം. ഒമിക്രോണിൽ മരണസാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ഒമിക്രോൺ മാരകമായ രോഗമല്ല. എന്നാൽ രോഗലക്ഷണങ്ങൾ കൂടുതൽ ദിവസങ്ങൾ പ്രകടമാവും. ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുേമ്പാഴും രോഗലക്ഷണങ്ങൾ പ്രകടമാവുന്ന ദിവസങ്ങളുടെ എണ്ണം കൂടുതലായിരിക്കും. കൂടുതൽ പേരിലേക്ക് വേഗത്തിൽ രോഗം പടരുകയും ചെയ്യും. എന്നാൽ മരണസാധ്യത കുറവായിരിക്കും.
ഒമിക്രോൺ ബാധിച്ചയാളുടെ ഓക്സിജൻനില കുറഞ്ഞാൽ അത് സ്ഥിതി സങ്കീർണമാക്കും. രാജ്യത്തെ വാക്സിനേഷൻ പ്രവർത്തനങ്ങൾ ആളുകളെ അത്തരമൊരു അവസ്ഥയിലേക്ക് എത്തിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിൻ എടുക്കുന്നത് മൂലവും രോഗം വന്നതിനാലും ഉണ്ടാവുന്ന ഹൈബ്രിഡ് പ്രതിരോധം ഒമിക്രോണിനെ നേരിടാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം വാക്സിനേഷൻ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. സീറോ സർവേയുടെ കണക്കനുസരിച്ച് 80 ശതമാനം പേരിലും കോവിഡ് ആന്‍റിബോഡി കണ്ടെത്തിയിട്ടുണ്ട്. ജനങ്ങളിൽ ഭൂരിപക്ഷവും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. ഇത് ഒമിക്രോണിനെ പ്രതിരോധിക്കാൻ ഇന്ത്യയെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

