
രാജ്യത്ത് 415 ഒമിക്രോൺ ബാധിതർ; 24 മണിക്കൂറിനിടെ 7189 പേർക്ക് കൂടി കോവിഡ്, മരണം 387
text_fieldsന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ബാധിതരുടെ എണ്ണം 415 ആയതായി ആരോഗ്യ മന്ത്രാലയം. 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചു. 115 പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 7189 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 77,032 പേർ ചികിത്സയിൽ കഴിയുന്നു. 387 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായവരുടെ എണ്ണം 4,79,520 ആയതായും ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു.
രാജ്യത്ത് ഒമിക്രോൺ വ്യാപനം ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. 0.6 ശതമാനമാണ് രാജ്യത്തെ കോവിഡ് സ്ഥിരീകരണ നിരക്ക്. എന്നാൽ രാജ്യത്തെ 20 ജില്ലകളിൽ രോഗ സ്ഥിരീകരണ നിരക്ക് അഞ്ചുശതമാനത്തിനും 10 ശതമാനത്തിനും ഇടയിലാണ്. രണ്ടുജില്ലകളിൽ ഇത് 10 ശതമാനത്തിന് മുകളിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരള, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാൾ, കർണാടക, മിസോറാം സംസ്ഥാനങ്ങളിൽ രോഗ സ്ഥിരീകരണ നിരക്ക് ഉയർന്നതാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.
ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജാഗ്രത തുടരണം. വിട്ടുവീഴ്ച പാടില്ല. കേരളത്തിലെയും മിസോറാമിലെയും കോവിഡ് സ്ഥിരീകരണ നിരക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബൂസ്റ്റർ ഡോസ് വാക്സിൻ നൽകിയതുകൊണ്ട് മാത്രം ഒമിക്രോണിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
