ഉമർ അബ്ദുല്ല ബി.ജെ.പിയുമായി ഉടക്കിൽ തന്നെ; ജമ്മുകശ്മീരിൽ പാർട്ടി നേതാവിനെ സുപ്രധാന പദവിയിൽ നിന്ന് പുറത്താക്കി
text_fieldsശ്രീനഗർ: ജമ്മുകശ്മീർ മുഖ്യമന്ത്രി ബി.ജെ.പിയുമായി അടുക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെ മുതിർന്ന നേതാവിനെ സുപ്രധാന പദവിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് ഉത്തരവ്. മുതിർന്ന ബി.ജെ.പി നേതാവ് ഹിന ഷാഫി ഭട്ടിനെയാണ് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ നിന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല പുറത്താക്കിയത്.
ബി.ജെ.പിയോട് അടുക്കുകയാണെന്ന ആരോപണങ്ങൾക്കിടെ പൊതുജനങ്ങൾക്കിടയിൽ പ്രതിഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഉമർ അബ്ദുല്ലയെ സുപ്രധാന രാഷ്ട്രീയ തീരുമാനത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തൽ.
ഹിന ഷാഫി ഭട്ടിനെ പുറത്താക്കിയതിനു പിന്നാലെ ബോർഡ് പുനഃസംഘടിപ്പിക്കുകയും ഉപമുഖ്യമന്ത്രി സുരീന്ദർ കുമാർ ചൗധരിയെ ബോർഡിന്റെ പുതിയ ചെയർമാനായി നിയമിക്കുകയും ചെയ്തു. ചൗധരി വ്യവസായ മന്ത്രിയാണ്. അതിനിടെ, ഹിനയെ പുറത്താക്കാനുള്ള കാരണമൊന്നും മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ല. പിന്നാലെ നടപടിക്രമങ്ങളിൽ സുതാര്യത വേണമെന്നാവശ്യപ്പെട്ട് മുതിർന്ന ബി.ജെ.പി നേതാവും പാർട്ടി വക്താവുമായ അൽത്താഫ് താക്കൂർ രംഗത്തുവരികയും ചെയ്തു.
''ഹിനയെ പുറത്താക്കിയത് സർക്കാർ തീരുമാനമാണ്. അതിനെ മാനിക്കുന്നു. അത്തരം തീരുമാനങ്ങൾ എല്ലാവരും മാനിക്കണം. എവിടെയെങ്കിലും എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അതിനെതിരെ നടപടി സ്വീകരിക്കേണ്ടത് സർക്കാറിന്റെ ചുമതലയാണ്. സുതാര്യതക്കും ഉത്തരവാദിത്തത്തിനും ആണ് എല്ലായ്പ്പോഴും ബി.ജെ.പി മുൻഗണന നൽകുന്നത്.''-അൽത്താഫ് താക്കൂർ പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഉമർ അബ്ദുല്ലയുടെ നേതൃത്വത്തിൽ ജമ്മുകശ്മീരിൽ പുതിയ സർക്കാർ അധികാരമേറ്റത്.
2014ൽ 370ാം വകുപ്പിനെ കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ വാർത്തയായിരുന്നു ഹിന. 370ാം വകുപ്പ് വായിച്ചുനോക്കിയാൽ എ.കെ 47 തോക്കെടുക്കുമെന്നാണ് ഡോക്ടർ കൂടിയായ ഹിന അന്ന് പറഞ്ഞത്. ഡെന്റിസ്റ്റും നാഷനൽ കോൺഫറൻസ് നേതാവും എം.പിയുമായിരുന്ന മുഹമ്മദ് ഷാഫി ഭട്ടിന്റെ മകളുമായ ഹിന 2014ലാണ് ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പിക്ക് കശ്മീരിൽ ആൾബലമില്ലാത്ത കാലമായിരുന്നു അത്. മറ്റ് രാഷ്ട്രീയ പാർട്ടികളെ അപേക്ഷിച്ച് ബി.ജെ.പിക്ക് മാത്രമേ വികസനം നടപ്പാക്കാൻ സാധിക്കുകയുള്ളൂ എന്നായിരുന്നു പാർട്ടി ചേർന്നയുടൻ ഹിന മാധ്യമങ്ങളോട് പറഞ്ഞത്. കശ്മീർ പ്രശ്നം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മാത്രമേ സാധിക്കുകയുള്ളൂവെന്നും അവർ പ്രകീർത്തിക്കുകയുണ്ടായി. 2018 മുതൽ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിലുണ്ട് ഹിന. തിങ്കളാഴ്ച അർധ രാത്രിയിൽ ഇറക്കിയ ഉത്തരവിലൂടെയാണ് അതിന് അന്ത്യമായത്.
2024 ജനുവരിയിൽ രണ്ടുവർഷത്തേക്കാണ് ഹിനയെ അന്നത്തെ ലഫ്റ്റനന്റ് ഭരണകൂടം ബോർഡ് ചെയർപേഴ്സൺ ആയി നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

