കാവി പാർട്ടിയുടേത് സ്വന്തം പരാജയങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന ശീലം; ലഡാക്ക് പ്രശ്നത്തിൽ കോൺഗ്രസിനെ പിന്തുണച്ച് ഉമർ അബ്ദുല്ല
text_fieldsശ്രീനഗർ: ലഡാക്കിൽ പഴയ പാർട്ടി കലാപം നടത്തുന്നുവെന്ന് ബി.ജെ.പി ആരോപിച്ചതിനു പിന്നാലെ കോൺഗ്രസിനെ ന്യായീകരിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല രംഗത്ത്. സ്വന്തം പരാജയങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന ശീലം കാവി പാർട്ടിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ പ്രതിഷേധത്തിന് ആളുകളെ അണിനിരത്താൻ പാർട്ടിക്ക് പ്രദേശത്ത് വലിയ സ്വാധീനമില്ലെന്ന് പറഞ്ഞുകൊണ്ട് ആക്ടിവിസ്റ്റ് സോനം വാങ്ചുക്കും കോൺഗ്രസിനെ പിന്തുണച്ചു.
ലെഫ്റ്റനന്റ് ഗവർണറുടെ നേതൃത്വത്തിലുള്ള ലഡാക്ക് ഭരണകൂടം പ്രതിഷേധങ്ങളെ നിയന്ത്രിക്കുന്നതിലും മേഖലയിൽ സമാധാനം നിലനിർത്തുന്നതിലും എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് പരിശോധിക്കണമെന്ന് ഉമർ അബ്ദുല്ല ആവശ്യപ്പെട്ടു.
ലഡാക്കിലെ സർക്കാർ ബി.ജെ.പിയുടേയാണ്. അവർ പരാജയപ്പെടുമ്പോഴും അവർ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു. ലഡാക്കിൽ കലാപമുണ്ടാക്കാൻ കഴിയുന്നത്ര ശക്തമായിരുന്നു കോൺഗ്രസ് എങ്കിൽ 2020 ഒക്ടോബറിൽ എന്തുകൊണ്ട് പാർട്ടി കൗൺസിൽ രൂപീകരിച്ചില്ല? ലഡാക്കിലെ കഴിഞ്ഞ കൗൺസിൽ തെരഞ്ഞെടുപ്പിൽ ആരാണ് വിജയിച്ചത്? കോൺഗ്രസ് അന്ന് ദയനീയമായി പരാജയപ്പെട്ടു. കാര്യങ്ങൾ തെറ്റുമ്പോൾ ബി.ജെ.പിക്കാർ എപ്പോഴും ഒഴികഴിവുകൾ കണ്ടെത്തും. ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ ആദ്യം പരാജയപ്പെടുന്നത് ഭരണകൂടമാണ്. എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് ഭരണകൂടം തിരിച്ചറിയാൻ ശ്രമിക്കണം. മറ്റൊരാളെ കുറ്റപ്പെടുത്തുന്നത് സഹായിക്കില്ല’ - ഉമർ അബ്ദുല്ല പറഞ്ഞു.
നിയമം കൈയിലെടുക്കരുതെന്നും സമാധാനം നിലനിർത്തണമെന്നും ലഡാക്കിലെ ജനങ്ങളോട് അഭ്യർഥിച്ച ഉമർ അവരുടെ ന്യായമായ ആവശ്യങ്ങൾ ഇന്ത്യൻ സർക്കാർ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തിയ സോനം വാങ്ചുക്കും കോൺഗ്രസിനുവേണ്ടി പ്രതിരോധമുയർത്തി. 5000 യുവാക്കളെ റോഡിലിറക്കാൻ തക്ക സ്വാധീനം കോൺഗ്രസിന് അവിടെയില്ലെന്ന് വാങ്ചുക്ക് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച ലഡാക്കിന്റെ സംസ്ഥാന പദവിയെയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ വിപുലീകരണത്തെയും പിന്തുണക്കുന്ന നൂറുകണക്കിന് പ്രതിഷേധക്കാർ അക്രമാസക്തരായതിനെത്തുടർന്ന് നാലു പേർ കൊല്ലപ്പെടുകയും 80 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലേയിൽ ഒരു ബി.ജെ.പി ഓഫിസും നിരവധി വാഹനങ്ങളും പ്രതിഷേധക്കാർ കത്തിച്ചതായും ആരോപിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

