കോൺഗ്രസിന്റെ വോട്ടുചോരി പ്രചാരണവുമായി ഇൻഡ്യ സഖ്യത്തിന് ഒരു ബന്ധവുമില്ലെന്ന് ഉമർ അബ്ദുല്ല; വിമർശനം
text_fieldsന്യൂഡൽഹി: കോൺഗ്രസിന്റെ വോട്ടുചോരി പ്രചാരണവുമായി ഇൻഡ്യ സഖ്യത്തിന് ഒരു ബന്ധവുമില്ലെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ല. കോൺഗ്രസിന്റെ വോട്ടുചോരി പ്രചാരണവുമായി ഇൻഡ്യ സഖ്യത്തിന് യാതൊരു ബന്ധവുമില്ല. എല്ലാ പാർട്ടികൾക്കും അവരുടെ അജണ്ട തെരഞ്ഞെടുക്കാൻ അവകാശമുണ്ട്. കോൺഗ്രസ് എസ്.ഐ.ആറും വോട്ടുചോരിയും പ്രധാന വിഷയങ്ങളായി തെരഞ്ഞെടുത്തു. എന്തുചെയ്യണമെന്ന് അവരോട് പറയാൻ നമ്മൾ ആരാണ്. അവർക്ക് അവരുടെ വിഷയങ്ങൾ തെരഞ്ഞെടുക്കാം. അതുപോലെ നമുക്ക് നമ്മുടെ വിഷയങ്ങളും തെരഞ്ഞെടുക്കാം''-ഉമർ അബ്ദുല്ല പറഞ്ഞു.
വോട്ടുചോരി കാമ്പയിന്റെ ഭാഗമായി കോൺഗ്രസ് രാജ്യതലസ്ഥാനത്ത് മെഗാ റാലി സംഘടിപ്പിച്ചിരുന്നു. വോട്ടെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനെ കൂട്ടുപിടിക്കുകയാണെന്നാണ് കോൺഗ്രസിന്റെ ഉന്നയിക്കുന്ന ആരോപണം. എന്നാൽ ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും ഇത് ആവർത്തിച്ചു നിഷേധിക്കുകയാണ്.
ഇൻഡ്യ സഖ്യം അത്യാസന്ന നിലയിലാണെന്ന് ഒരാഴ്ച മുമ്പ് ഉമർ അബ്ദുല്ല ആരോപിച്ചിരുന്നു. ഉമർ അബ്ദുല്ലയുടെ പരാമർശത്തെ ഇൻഡ്യ സഖ്യത്തിലെ ഘടകകക്ഷികളിൽ ചിലർ പിന്തുണക്കുകയും മറ്റു ചിലർ വിയോജിക്കുകയും ചെയ്തു.
ഞങ്ങൾ അത്യാസന്ന നിലയിലാണ്. ഇടക്കിടെ ആരെങ്കിലും പുറത്തെടുത്ത് ഞങ്ങളെ ഞെട്ടിക്കും. അപ്പോൾ ഞങ്ങൾ എഴുന്നേൽക്കും. നിർഭാഗ്യവശാൽ ബിഹാർ പോലുള്ള സംസ്ഥാനങ്ങളിൽ തിരിച്ചടി നേരിടുന്നു. അപ്പോൾ ഞങ്ങൾ വീണ്ടും താഴേക്ക് വീഴും. തുടർന്ന് ആരെങ്കിലും ഐ.സി.യുവിലേക്ക് കൊണ്ടുപോകും''-എന്നായിരുന്നു ഡൽഹിയിൽ നടന്ന ഒരു പരിപാടിക്കിടെ ഉമർ അബ്ദുല്ല പറഞ്ഞത്.
ഇൻഡ്യ സഖ്യമാണ് നിതീഷ് കുമാറിനെ വീണ്ടും എൻ.ഡി.എയുടെ കൈകളിലേക്ക് തള്ളിവിട്ടത് എന്നും ഉമർ അബ്ദുല്ല ആരോപിച്ചു. അതുപോലെ ബിഹാറിലെ സീറ്റ് വിഭജനത്തിൽ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ഝാർഖണ്ഡ് മുക്തി മോർച്ചയെ ഉൾക്കൊള്ളുന്നതിൽ ഇൻഡ്യ സഖ്യം പരാജയപ്പെട്ടതായും ഉമർ അബ്ദുല്ല വിമർശിച്ചു.
അതേസമയം, ഉമർ അബ്ദുല്ലയുടെ പരാമർശത്തെ തള്ളി ആർ.ജെ.ഡി നേതാവ് മനോജ് ഝാ രംഗത്തുവന്നു. ഇൻഡ്യ സഖ്യം വെന്റിലേറ്ററിലാണെങ്കിൽ സഖ്യത്തിന്റെ ഭാഗണായ ഉമർ അബ്ദുല്ല എന്താണ് ചെയ്യുന്നത് എന്നായിരുന്നു മനോജ് ഝാ പറഞ്ഞത്. സഖ്യത്തിന്റെ ഭാഗമായ ഉമർ അബ്ദുല്ലക്കും അതിനെ പുനരുജ്ജീവിപ്പിക്കാൻ ഉത്തരവാദിത്തമുണ്ട്. അതിനു വേണ്ടി എന്താണ് അദ്ദേഹം ചെയ്യുന്നത്? ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം ഉത്തരവാദിത്തമല്ല ഇൻഡ്യ സഖ്യം പുനരുജ്ജീവിപ്പിക്കുക എന്നത്. എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. പരിഹസിക്കുന്നതോടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്നും മനോജ് ഝാ ചൂണ്ടിക്കാട്ടി.
ഇത്തരം പരാമർശങ്ങളിൽ നിന്ന് എല്ലാ നേതാക്കളും വിട്ടുനിൽക്കണമെന്നായിരുന്നു സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയുടെ അഭ്യർഥന. മതേതര-ജനാധിപത്യ പാർട്ടികൾ ഒത്തൊരുമിച്ച് നിന്ന് ഇൻഡ്യ സഖ്യം രൂപവത്കരിക്കുമ്പോൾ ഇന്ത്യയെ സംരക്ഷിക്കുക, ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? പ്രതീക്ഷിച്ച രീതിയിലുള്ള ഒരു ഏകോപനം സഖ്യത്തിന് ഇല്ലാത്തത് എന്തുകൊണ്ടാണെന്നും ഡി. രാജ ചോദിച്ചു.
ഉമർ അബ്ദുല്ലയുടെ പരാമർശത്തോടെ യോജിക്കുന്നില്ലെന്നായിരുന്നു സമാജ്‍വാദി പാർട്ടി എം.പി രാജീവ് രവിയുടെ പ്രതികരണം.
തീർച്ചയായും തോൽവികൾ ആളുകളെ അസ്വസ്ഥരാക്കും. ബി.ജെ.പി ആഗ്രഹിക്കുന്നതും അതാണ്. ബി.ജെ.പിക്കും ഈ ഫാഷിസ്റ്റ് കക്ഷികൾക്കും എതിരെ പോരാടുന്നവർ ഈ കെണിയിൽ വീഴരുത്. വിജയവും പരാജയവും രാഷ്ട്രീയത്തിന്റെ ഭാഗമാണ്-രാജീവ് രവി പറഞ്ഞു.
പ്രതിപക്ഷ സഖ്യത്തിലെ ഐക്യമില്ലായ്മ കണ്ട് ബി.ജെ.പി ചിരിക്കുകയാണെന്ന് മുതിർന്ന നേതാവ് ഷാനവാസ് ഹുസൈൻ പറഞ്ഞു. ഉമർ അബ്ദുല്ല പറഞ്ഞത് തെറ്റാണ്. ഇൻഡ്യ സഖ്യം ഒരിക്കലും ലൈഫ് സപ്പോർട്ടിൽ അല്ല. അത് മരിച്ചുകഴിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഇൻഡ്യ സഖ്യം അവസാനിച്ചു. അതിന് ആദരാഞ്ജലിയർപ്പിക്കുകയാണ് വേണ്ടത്. ഇപ്പോൾ സഖ്യത്തെ നയിക്കാൻ ഒരു നേതാവില്ല. അതിന് പ്രത്യേകിച്ചൊരു നയവും ഇല്ല- ബി.ജെ.പി നേതാവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

