നിതീഷ് കുമാറിന്റെ തനിനിറം വെളിപ്പെട്ടു; മെഹബൂബ മുഫ്തിയാണ് ഈ ട്രെൻഡ് തുടങ്ങിവെച്ചത് -വിമർശനവുമായി ഉമർ അബ്ദുല്ല
text_fieldsഉമർ അബ്ദുല്ല
ശ്രീനഗർ: ബിഹാറിൽ സർക്കാർ പരിപാടിക്കിടെ മുഖ്യമന്ത്രി നിതീഷ് കുമാർ ആയുഷ് വനിത ഡോക്ടറുടെ മുഖാവരണം നീക്കിയത് വലിയ വിവാദമായിരുന്നു. ബിഹാർ മുഖ്യമന്ത്രിയുടെ നടപടിയെ വിമർശിച്ചു ആദ്യം രംഗത്തുവന്നവരുടെ കൂട്ടത്തിൽ ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും ഉണ്ടായിരുന്നു. നിതീഷ് കുമാർ തന്റെ തനിനിറം വെളിപ്പെടുത്തി എന്നായിരുന്നു ബുർഖ വിവാദത്തിൽ ഉമർ അബ്ദുല്ലയുടെ പ്രതികരണം. തന്റെ രാഷ്ട്രീയ എതിരാളിയായും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയാണ് ഈ ട്രെൻഡ് തുടങ്ങിവെച്ചതെന്നും ഉമർ അബ്ദുല്ല ആരോപിച്ചു.
''ഇതുപോലുള്ള സംഭവങ്ങൾക്ക് ഞങ്ങൾ മുമ്പ് സാക്ഷിയായിട്ടുണ്ട്. എന്റെ തെരഞ്ഞെടുപ്പ് സമയത്ത് മെഹബൂബ മുഫ്തി സാധുവായ ഒരു വോട്ടറുടെ മുഖാവരണം നീക്കിയ സംഭവം എല്ലാവരും മറന്നിട്ടുണ്ടാകും. അതേ ചിന്താഗതിയുടെ ആവർത്തനമാണ് കഴിഞ്ഞ ദിവസം ബിഹാറിൽ നടന്നത്. അത് നിർഭാഗ്യകരവും അപമാനകരവുമായിരുന്നു. ഈ സംഭവവും അതുപോലെ തന്നെ''-എന്നാണ് ശ്രീനഗറിൽ നടന്ന പൊതുപരിപാടിക്കിടെ ഉമർ അബ്ദുല്ല പറഞ്ഞത്.
2004ലെ തെരഞ്ഞെടുപ്പ് സമയത്താണ് മെഹബൂബ മുഫ്തി വനിത വോട്ടറുടെ മുഖാവരണം വലിച്ചുമാറ്റിയത്. സംഗതി വിവാദമായപ്പോൾ താൻ വോട്ടർ ആരാണെന്ന് തിരിച്ചറിയാനാണ് ഇങ്ങനെ ചെയ്തത് എന്നു പറഞ്ഞാണ് മെഹബൂബ മുഫ്ത തടിയൂരിയത്. കാരണം കള്ളവോട്ട് ചെയ്യുന്നവരിൽ പലരും മുഖാവരണം അണിഞ്ഞാണ് വരാറുള്ളത്.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് ആ മുസ്‍ലിം സ്ത്രീക്ക് നിയമന ഉത്തരവ് നൽകാൻ ഇഷ്ടമില്ലായിരുന്നുവെങ്കിൽ മാറി നിന്നാൽ മതിയായിരുന്നു. അല്ലാതെ ഒരു പൊതുപരിപാടിയിൽ വെച്ച് അവരെ ഇങ്ങനെ അപമാനിക്കേണ്ട ഒരു കാര്യവുമണ്ടായിരുന്നില്ലെന്നും ഉമർ അബ്ദുല്ല ചൂണ്ടിക്കാട്ടി.
ഉമർ അബ്ദുല്ലയുടെ വിമർശനത്തിന് ശക്തമായ മറുപടിയുമായി പി.ഡി.പി രംഗത്തുവന്നിട്ടുണ്ട്.
''അവർ മോദി സാഹിബിനെയായിരുന്നു അഭിസംബോധന ചെയ്യേണ്ടിയിരുന്നത്. കാരണം നിതീഷ് സഖ്യകക്ഷിയാണ്. ആ സർക്കാറിനുള്ള പിന്തുണ പിൻവലിക്കാൻ മോദിയോട് ആവശ്യപ്പെടേണ്ടിയിരുന്നു. അതിനു പകരം മെഹബൂബ മുഫ്തിയെയും മറ്റുള്ളവരെയും വിമർശിക്കുകയാണ്. മെഹബൂബ വോട്ടറുടെ മുഖാവരണം നീക്കിയത് ഒരിക്കലും നിതീഷ് കുമാറിന്റെ ചെയ്തിയോട് താരതമ്യം ചെയ്യാനാകില്ല. ഉമർ അബ്ദുല്ലയുടെ രാഷ്ട്രീയ ലക്ഷ്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്''-പി.ഡി.പി കുറ്റപ്പെടുത്തി.
നിതീഷ് കുമാറിന്റെ നടപടിയിൽ മെഹബൂബ മുഫ്തി രൂക്ഷമായി പ്രതികരിച്ചിരുന്നു. ''നിതീഷ് കുമാറിനെ നന്നായി അറിയുകയും വ്യക്തിപരമായി അദ്ദേഹത്തെ ആരാധിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ അദ്ദേഹം ചെയ്തത് കണ്ടപ്പോൾ ഞെട്ടിപ്പോയി. ഒരു യുവ മുസ്‍ലിം പെൺകുട്ടിയുടെ നിഖാബ് വലിച്ചൂരുകയാണ് അദ്ദേഹം. മുസ്‍ലിം സമൂഹത്തെ പൊതുമധ്യത്തിൽ അപമാനിക്കുന്ന ഈ പ്രവൃത്തിയെ പ്രായമായ ഒരാളുടെ ചെയ്തിയാണെന്ന് പറഞ്ഞ് ലഘൂകരിക്കാൻ ശ്രമിക്കുമോ'-എന്നായിരുന്നു എക്സിൽ മെഹബൂബയുടെ പ്രതികരണം.
ഈ ഭയാനകമായ സംഭവം ഒരു വിനോദമായിട്ടാണ് ചുറ്റുമുള്ള ആളുകൾ കണ്ടുനിന്നത് എന്നത് കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുന്നു. നിതീഷ് സാഹിബ്, നിങ്ങൾ സ്ഥാനമൊഴിയേണ്ട സമയമായിരിക്കാം ഇത് എന്നും മെഹബൂബ മുഫ്തി കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

