ഒഡീഷ തീരത്തെത്തി ലക്ഷക്കണക്കിന് ഒലിവ് റിഡ്‌ലി കടലാമകൾ; വിസ്മയിപ്പിച്ച് വിഡിയോ ദൃശ്യങ്ങൾ
text_fieldsഭുവനേശ്വർ: ഒഡീഷ തീരത്തേക്ക് കൂട്ടത്തോടെയെത്തുന്ന കടലാമകളുടെ വിഡിയോകളും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.
ലക്ഷക്കണക്കിന് ഒലിവ് റിഡ്‌ലി കടലാമകളാണ് ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ റുഷികുല്യ കൂട്ടത്തോടെ തീരത്തേക്ക് എത്തുന്നത്.
അരിബാഡ എന്നറിയപ്പെടുന്ന പ്രകൃതിയുടെ ഈ കൗതുക പ്രതിഭാസം ഫെബ്രുവരി 16 ന് ആരംഭിച്ച് 25 വരെ റുഷികുല്യ കടലാമ സംരക്ഷണ ഗ്രൂപ്പ് സെക്രട്ടറി രബീന്ദ്രനാഥ് സാഹു പറഞ്ഞു.
ഒഡീഷ വനം വകുപ്പിന്‍റെ കണക്കുകൾ പ്രകാരം, റുഷികുല്യ ദേവി എന്നിവടങ്ങളിലെ തീരങ്ങളിലായി കടലാമകൾ ഇതുവരെ 5,55,638 മുട്ടകൾ ഇട്ടിട്ടുണ്ടെന്നാണ് വിവരം.
നാഷണൽ വൈൽഡ്‌ലൈഫ് ഫെഡറേഷന്റെ കണക്കനുസരിച്ച്, പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ മഹാസമുദ്രങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഒലിവ് റിഡ്‌ലി കടലാമകൾ സാധാരണയായി കാണപ്പെടുന്നത്.
പസഫിക്ക് സമുദ്രത്തിൽ, മെക്സിക്കോ മുതൽ കൊളംബിയ വരെയുള്ള ബീച്ചുകളിലാണ് ഇവയുടെ വാസം. ഇന്ത്യൻ മഹാസമുദ്രത്തിൽ, ഇന്ത്യയുടെയും ശ്രീലങ്കയുടെയും കിഴക്കൻ തീരങ്ങളിലും ഇവ കൂടുതലായി കാണപ്പെടുന്നു.
ഒലിവ് റിഡ്‌ലി കടലാമകൾ കൂട്ടത്തോടെയെത്തുന്ന ദൃശ്യങ്ങൾ ഐ.എ.എസ് ഓഫീസർമാരായ പർവീൺ കസ്വാൻ, സുപ്രിയ സാഹു എന്നിവർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
ഒലിവ് റിഡ്‌ലി കടലാമകൾ സാധാരണയായി സീസണിൽ ഒന്ന് മുതൽ മൂന്ന് തവണ വരെയാണ് കൂടുണ്ടാക്കുന്നത്. ഒരു ക്ലച്ചിൽ ശരാശരി 100 മുതൽ 110 വരെ മുട്ടകൾ ഇടുന്നു.
50 മുതൽ 55 ദിവസങ്ങൾക്കു ശേഷം മുട്ടകൾ വിരിയുകയും കുഞ്ഞുങ്ങൾ കടലിലേക്കു നീങ്ങുകയും ചെയ്യുന്നു. ഒലിവ്- പച്ച നിറങ്ങളിലാണ് ഇവയുടെ പുറംതോട്. ഒലിവ് റിഡ്‌ലി ആമകള്‍ എന്ന പേര് ലഭിക്കാൻ കാരണവും അതുതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

