എണ്ണക്കമ്പനികൾ സാമ്പത്തിക പ്രതിസന്ധിയിലെന്ന് കേന്ദ്രം; ‘ഉപഭോക്താക്കളെ സംരക്ഷിക്കാൻ പെട്രോൾ, ഡീസൽ വില കൂട്ടാതെ പിടിച്ചുനിർത്തുന്നു’
text_fieldsന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്കിടയിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നത് ഇന്ത്യയിലെ പൊതുമേഖലാ എണ്ണ വിപണന കമ്പനികളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നതായി കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം. രണ്ട് മാസം കൊണ്ട് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 100 ഡോളർ കടന്നത് എണ്ണക്കമ്പനികൾക്ക് വലിയ ബാധ്യതയാണ് ഉണ്ടാക്കിയതെന്ന് മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു.
ആഗോള വിപണിയിൽ വില കൂടിയിട്ടും ഉപഭോക്താക്കളെ സംരക്ഷിക്കാൻ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാതെ സർക്കാർ പിടിച്ചുനിർത്തുകയാണെന്നാണ് കേന്ദ്ര സർക്കാരിന്‍റെ അവകാശവാദം. 2022 ഏപ്രിൽ ആറിന് ശേഷം പെട്രോൾ, ഡീസൽ വിലകൾ വർധിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല, 2024 മാർച്ചിൽ വിലയിൽ രണ്ട് രൂപയുടെ കുറവ് വരുത്തുകയും ചെയ്തിരുന്നു. വില നിയന്ത്രണം മൂലം എണ്ണക്കമ്പനികൾക്ക് വലിയ തോതിലുള്ള നഷ്ടം നേരിടേണ്ടി വരുന്നുണ്ടെന്ന് മന്ത്രാലയം പറയുന്നു.
ഇന്ധന വില നിയന്ത്രിക്കുന്നതിലൂടെ കമ്പനികൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ സർക്കാർ വലിയ തോതിലുള്ള സാമ്പത്തിക സഹായമാണ് നൽകുന്നത്. 2023ൽ 22,000 കോടി രൂപ നൽകിയ സർക്കാർ, 2025-26 സാമ്പത്തിക വർഷം ഏകദേശം 30,000 കോടി രൂപയാണ് മാറ്റിവെച്ചത്. പെട്രോൾ, ഡീസൽ വിപണിക്ക് പുറമെ പാചകവാതക രംഗത്തും കമ്പനികൾ പ്രതിസന്ധി നേരിടുന്നുണ്ട്. അന്താരാഷ്ട്ര എൽപിജി വില (സൗദി സി.പി ബെഞ്ച്മാർക്ക്) 522 ഡോളറിൽ നിന്ന് 780 ഡോളറായി ഉയർന്നുവെങ്കിലും ആഭ്യന്തര സിലിണ്ടർ വില വർധിപ്പിച്ചിട്ടില്ല.
ഏകദേശം 60 ശതമാനത്തോളം എൽ.പി.ജി ഇറക്കുമതിയെ ആശ്രയിക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിലവർധനവ് കമ്പനികളുടെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുന്നുണ്ട്. എന്നിരുന്നാലും, രാജ്യത്ത് അടുത്ത രണ്ട് മാസത്തേക്ക് ആവശ്യമായ ഇന്ധന ശേഖരം ഉറപ്പാക്കിയിട്ടുണ്ടെന്നും പെട്രോൾ പമ്പുകളിൽ ഇന്ധനക്ഷാമം ഇല്ലെന്നും സർക്കാർ അറിയിച്ചു. ആഭ്യന്തര വിപണിയിൽ എ.ടി.എഫ്, ഡീസൽ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ കയറ്റുമതി തീരുവ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജനങ്ങൾ അനാവശ്യമായി പരിഭ്രമിച്ച് ഇന്ധനം വാങ്ങിക്കൂട്ടേണ്ടതില്ലെന്നും മന്ത്രാലയം അഭ്യർഥിച്ചു. കൂടാതെ, പ്രകൃതിവാതക വിതരണത്തിൽ 100 ശതമാനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഈ മാസം ലക്ഷക്കണക്കിന് പുതിയ ഗ്യാസ് കണക്ഷനുകൾ നൽകിയതായും മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

