കീഴ് ജാതിക്കാരുടെ പ്രവേശനം തടയാൻ ‘അയിത്ത മതിൽ’; തമിഴ്നാട്ടിലെ വിവാദ മതിൽ പൊളിച്ചു നീക്കി
text_fieldsകാരൂരിലെ സർക്കാർ ഭൂമിയിൽ മേൽജാതിക്കാർ നിർമിച്ച ജാതി മതിൽ. (ചിത്രം കടപ്പാട്- The Hindu)
കാരൂർ: തമിഴ്നാട്ടിലെ കാരൂർ ജില്ലയിലെ മുതലാടംപട്ടിയിൽ കീഴ്ജാതിക്കാർക്ക് പ്രവേശനം നിഷേധിച്ച് നിർമിച്ച ജാതിവെറിയുടെ അയിത്തമതിൽ പൊളിച്ചു നീക്കി. തമിഴ്നാട്ടിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ജാതിമതിലാണ് റവന്യൂ വിഭാഗം നോട്ടീസ് നൽകിയതിനു പിന്നാലെ പൊളിച്ചു നീക്കിയത്. മുതുലാടംപട്ടിയിലെ ഉയർന്ന ജാതിക്കാരായ തോട്ടിനായ്കർ വിഭാഗക്കാർ താമസിക്കുന്ന മേഖലയിലേക്ക് സമീപവാസികളായ പട്ടികജാതിയിൽ പെട്ട അരുന്ധതിയാർ വിഭാഗക്കാർ പ്രവേശിക്കുന്നത് തടയുന്നതിനു വേണ്ടിയായിരുന്നു 10 അടി ഉയരത്തിൽ 200അടിയോളം ദൈർഘ്യമേറിയ ‘അയിത്ത മതിൽ’ നിർമിച്ചത്. സർക്കാർ പുറമ്പോക്ക് ഭൂമി കൈയേറിയായിരുന്നു, മൂന്നാഴ്ച മുമ്പ് മതിൽ നിർമിച്ചത്. അയിത്ത മതിലിനെതിരെ തമിഴ്നാട്ടിലെ ദളിത് സംഘടനകളും ആക്ടിവിസ്റ്റുകളും പരസ്യമായി രംഗത്തെത്തിയതോടെ സംഭവം ദേശീയ ശ്രദ്ധയിലുമെത്തി. മദ്യപന്മാരും മറ്റും തങ്ങളുടെ പ്രദേശത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നത് തടയാനാണ് സർക്കാർ ഭൂമിയിലൂടെ കൂറ്റൻമതിൽ ഉയർത്തിയതെന്നായിരുന്നു തോട്ടിയ നായ്കർ സമുദായ അംഗങ്ങളുടെ വിശദീകരണം. എന്നാൽ, പൊതുവഴിയിലൂടെയുള്ള തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന മതിൽ മേൽജാതിക്കാരുടെ അയിത്ത മതിലാണെന്ന വാദവുമായി പിന്നാക്കക്കാർ രംഗത്തെത്തിയതോടെ സംഘർഷ സാഹചര്യമായി. ഇതോടെയാണ് റവന്യൂവകുപ്പും പൊലീസും വിഷയത്തിൽ ഇടപെടുന്നത്. 15 ദിവസത്തിനുള്ളിൽ മതിൽ പൊളിച്ചു നീക്കാൻ കാരൂർ എസ്.പി കെ. ജോഷ് തങ്കയ്യ സമുദായ അംഗങ്ങളോട് നിർദേശിച്ചിരുന്നു. ഇതിടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച സുരക്ഷാ ബന്തവസ്സിൽ മതിൽ പൊളിച്ചു മാറ്റിയത്. മതിൽ പൂർണമായും നീക്കം ചെയ്യുമെന്നും, ഞായറാഴ്ചയോടെ അടിത്തറയും പൊളിക്കുമെന്നും കാരൂർ ആർ.ഡി.ഒ കെ. മുഹമ്മദ് ബൈസൽ പറഞ്ഞു.
അധികൃതർ പൊളിച്ചു നീക്കാൻ വൈകിയാൽ ബലപ്രയോഗത്തിലൂടെ ജാതിമതിൽ പൊളിക്കുമെന്ന പ്രഖ്യാപനവുമായി തമിഴ്നാട് അയിത്ത നിർമാർജന സമിതിയും രംഗത്തുവന്നിരുന്നു.
പ്രദേശത്തെ ക്ഷേത്ര ഉത്സവത്തിന് പുറമ്പോക്ക് മേഖലയിൽ സ്റ്റേജ് നിർമിക്കുന്നതും, പൊതു ശൗചാലയം നിർമിക്കുന്നതും ഉൾപ്പെടെ മേൽജാതിക്കാർ തടഞ്ഞതായി ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

